പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. അസമിലും പശ്ചിമബംഗാളിലും തുടങ്ങിയ പ്രക്ഷോഭം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്കും മേഘാലയിലേക്കും വ്യാപിച്ചിരിക്കുകയാണ്. എല്ലായിടങ്ങളിലും പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടുകയും വ്യാപക സംഘര്‍ഷങ്ങളുണ്ടാവുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തില്‍ പ്രശ്‌ന ബാധിത സംസ്ഥാനങ്ങളില്‍ കൂടുതല്‍ അര്‍ധ സൈനിക വിന്യാസം നടത്താനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. അസാമിലെ ചില ജില്ലകളില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും സാഹചര്യം സാധാരണ നിലയിലെയ്ക്ക് മടങ്ങിയിട്ടില്ല. വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധ പരിപാടികള്‍ തുടരുമെന്ന് വ്യക്തമാക്കി.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഡല്‍ഹി നേതൃത്വത്തിന് അടിയറവ് പറയുകയാണെന്ന് അസം പ്രക്ഷോഭത്തിെന്റ മുന്‍നിരയിലുള്ള ‘ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍’ (ആസു) ആരോപിച്ചു. പൗരത്വഭേദഗതി ബില്ലിനെതിരെ അക്രമരഹിത ബഹുജനസമരം തുടരുമെന്ന് ‘ആസു’ മുഖ്യ ഉപദേഷ്ടാവ് സമുജ്ജ്വല്‍ കുമാര്‍ ഭട്ടാചാര്യ വ്യക്തമാക്കി. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭം തുടങ്ങിയ ശേഷം അസമില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്തയുടെ പ്രതികരണം. സംസ്ഥാനം പൊതുവില്‍ ശാന്തമാണെങ്കിലും പോലിസും സുരക്ഷാസേനയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങില്‍ നിശാനിയമം 12 മണിക്കൂറാക്കി ചുരുക്കി. അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന സാഹചര്യത്തിലാണിതെന്ന് ഈസ്റ്റ് ഖാസി ഹില്‍സ് ജില്ല ഡെപ്യൂട്ടി കമീഷണര്‍ എംഡബ്ല്യു നൊങ്ബ്രി പറഞ്ഞു. അതേസമയം പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ
പ്രതിഷേധം കൂടുതല്‍ ശക്തമായി. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അക്രമാസക്തമായ പ്രതിഷേധം വിവിധ സംഘടനകള്‍ തുടരുകയാണ്. ഡല്‍ഹിയിലേക്ക് വ്യാപിച്ച പ്രതിഷേധം ജാമിഅ മില്ലിയ യൂണിവഴ്‌സിറ്റിയിലടക്കം സംഘാര്‍ഷാവസ്ഥ സ്യഷ്ടിച്ചിരിയ്ക്കുകയാണ്. സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ദേശിയ സുരക്ഷ സമിതി യോഗം വിലയിരുത്തി. കൂടുതല്‍ അര്‍ധ സൈനിക വിന്യാസം നടത്താനാണ് ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശം.

 

Story Highlights- Citizenship Amendment Act, Movement to more states

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top