ചിലി പൊലീസും സുരക്ഷാസേനയും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി ഐക്യരാഷ്ട്രസഭ

ചിലി പൊലീസും സുരക്ഷാസേനയും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി ഐക്യരാഷ്ട്രസഭ. കൊലപാതകങ്ങൾ, മാനസിക പീഡനം, ലൈംഗിക അതിക്രമങ്ങൾ തുടങ്ങി സർക്കാർ വിരുദ്ധ പ്രക്ഷോഭകാലത്ത് പൊലീസും സുരക്ഷാസേനയും കാണിച്ച അതിക്രമങ്ങൾക്ക് കണക്കില്ലെന്ന് യുഎന്നിന്റെ റിപ്പോർട്ടിൽ പറയുന്നു.
മനുഷ്യാവകാശങ്ങൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണറുടെ ഓഫീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ ചിലിയിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ട 26 പരിൽ 11 പേരുടെ മരണത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയെന്നും വെടിവെയ്പ്പ് ഉൾപ്പടെയുള്ള ഏകപക്ഷീയമായ നടപടികളാണ് ഈ മരണങ്ങൾക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിലൊന്നിൽ പോലും വെടിവെയ്പ് ഒഴിവാക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാനസിക പീഡനങ്ങളുടെയും മോശം പെരുമാറ്റത്തിന്റെയും 133 കേസുകളും ലൈംഗിക അതിക്രമം നടന്ന 24 കേസുകളുമുണ്ടായിട്ടുണ്ടെന്ന് 30 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമെയാണ് വ്യാജ ഏറ്റുമുട്ടലുകൾ, ബലാത്സംഗ ഭീഷണികൾ എന്നിവയെന്നും റിപ്പോർട്ടിൽ പറയുന്നു. 350 പേർക്ക് കണ്ണുകളിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും നിരവധി പേർക്ക് ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പൊലീസും സുരക്ഷാസേനയും അടിച്ചമർത്തുകയാണുണ്ടായതെന്ന് ചിലിയിലെ യുഎൻ ദൗത്യ സംഘത്തിന്റെ നേതാവ് ഇമ്മ ഗ്വെറസ് ഡെൽഗാഡോ പറഞ്ഞു. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നും ഇമ്മ ഗ്വെറസ് പറഞ്ഞു.
രണ്ട് മാസം മുമ്പാണ് ചിലെയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. മെട്രോ റെയിൽ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭം പിന്നീട് അസമത്വത്തിനെതിരായ ബഹുജന പ്രക്ഷോഭമായി മാറുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here