തിരുവനന്തപുരത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു

തിരുവനന്തപുരത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. തിരുവല്ലം മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. മൊബൈൽ മോഷണം ആരോപിച്ച് പ്രതികൾ അജേഷിനെ ക്രൂരമായി മർദിക്കുകയും അടിവയറിലും ജനനേന്ദ്രിയത്തിലും പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് തിരുവല്ലം മുട്ടയ്ക്കാട് സ്വദേശി അജേഷ് ആൾക്കൂട്ട ആക്രമണത്തിനിരയായത്. കേസിലെ മുഖ്യ പ്രതിയായ സജിയുടെ മൊബൈൽ ഫോണും പണവും തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വെച്ച് അജേഷ് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദനം.

സംഭവ ദിവസം ഉച്ചയ്ക്ക് നാലു മണിയോടെ തിരുവല്ലത്തിന് സമീപം വണ്ടിത്തടം ജംഗ്ഷനിൽ വെച്ച് സജിയും സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവർമാരും അജേഷിനെ മർദിക്കുകയായിരുന്നു. തുടർന്ന് ഓട്ടോയിൽ കയറ്റി അജേഷിനെ ആളില്ലാത്ത വീട്ടിലേക്കു കൊണ്ട് പോയി. ഇവിടെ വെച്ച് ഫോൺ കണ്ടെത്താത്തതിനാൽ ക്രൂരമായി മർദിച്ചു. സമീപത്തുള്ള മുളവെട്ടി ദേഹമാസകലം മണിക്കൂറുകളോളം മർദിച്ചു. വെട്ടുകത്തി ചൂടാക്കി അടിവയറിലും ജനനേന്ദ്രിയത്തിലും വെച്ച് പൊള്ളിച്ചു. പരിക്കേറ്റ് രക്ഷപെടാൻ ശ്രമിച്ച അജേഷ് സമീപത്തുള്ള വയലിൽ വീണു കിടക്കുകയായിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാല് ദിവസം ചികിത്സയിൽ കഴിഞ്ഞെങ്കിലും അജേഷ് ഇന്ന് രാവിലെ മരണപ്പെട്ടു. ശിഹാബുദീൻ, അരുൺ, ജിനേഷ്, സാജൻ, കുഞ്ഞുമോൻ എന്നീ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത മുഖ്യപ്രതി സജിയെ നാളെ കോടതിയിൽ ഹാജരാക്കും. ആക്രമണത്തിന് നാട്ടുകാർ സഹായിച്ചിട്ടുണ്ടോ എന്നുള്ള കാര്യവും പൊലീസ് പരിശോധിച്ച് വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top