പൗരത്വ നിയമ ഭേദഗതി; പാലക്കാട് നഗരസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐഎം കൊണ്ടുവന്ന പ്രമേയത്തെ ചൊല്ലി പാലക്കാട് നഗരസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി. സിപിഐഎം പ്രമേയത്തെ അനുകൂലിച്ച് യുഡിഎഫ് രംഗത്ത് വന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ കൗണ്‍സിലര്‍ എന്‍ ശിവരാജന്‍ പ്രമേയം വലിച്ച് കീറിയതോടെ കൈയാങ്കളി തുടങ്ങുകയായിരുന്നു.
സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് സിപിഐഎം അംഗം അബ്ദുള്‍ ഷുക്കൂര്‍ ആണ് പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം കൊണ്ടുവന്നത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബില്‍ തള്ളിക്കളയണമെന്ന് സിപിഐഎം അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രമേയത്തെ പിന്തുണച്ച് യുഡിഎഫും രംഗത്തെത്തി. ബിജെപി അംഗം എന്‍ ശിവരാജന്‍ പ്രമേയം വലിച്ച് കീറിയതോടെ തര്‍ക്കം കൈയാങ്കളിയിലെത്തുകയായിരുന്നു.
നഗരസഭ വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാറിനെ വളഞ്ഞ് വച്ച് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ പ്രതിരോധവുമായി ബിജെപി അംഗങ്ങളുമെത്തി. തര്‍ക്കം തുടരുന്നതിനിടയില്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ കൗണ്‍സില്‍ യോഗം അവസാനിപ്പിച്ച് പുറത്തേക്ക് പോയി. സിപിഐഎമ്മിനും യുഡിഎഫിനും അസഹിഷ്ണുതയാണെന്ന് ബിജെപിയും ആരോപിച്ചു. 54 അംഗ നഗരസഭയില്‍ ബിജെപിക്ക് 24 അംഗങ്ങള്‍ മാത്രമാണുള്ളത്. പ്രതിപക്ഷം ഒരുമിച്ചാല്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രമേയം പാസാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here