Advertisement

വിശാഖപട്ടണത്ത് ജീവന്മരണ പോരാട്ടത്തിന് കച്ചമുറുക്കി ടീം ഇന്ത്യ

December 18, 2019
Google News 1 minute Read

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ടീം ഇന്ത്യ ഇന്നിറങ്ങും. ഇന്ന് ഉച്ചയ്ക്ക് 1.30 ന് വിശാഖപട്ടണത്താണ് മത്സരം. ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തിലേറ്റ നാണംകെട്ട തോല്‍വിക്ക് കണക്കു തീര്‍ക്കാനുറച്ചാവും ഇന്ത്യ വിശാഖപട്ടണത്ത് ഇറങ്ങുക. അതോടൊപ്പം മൂന്ന് മത്സരങ്ങളുള്ള പരമ്പര നഷ്ടമാവാതിരിക്കാനും ഇന്ത്യക്കു വിശാഖപട്ടണത്ത് വിജയം അനിവാര്യമാണ്.

അനായാസ വിജയം മോഹിച്ചിറങ്ങിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കരീബിയന്‍ പട ചെന്നൈയില്‍ നല്‍കിയത്. ഇന്ത്യയുടെ ബാറ്റിംഗ് ആദ്യ ഏകദിനത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ഇതുതന്നെയാണ് 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നതില്‍ നിന്നും ഇന്ത്യയെ തടഞ്ഞുനിര്‍ത്തിയത്. ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ (6), രോഹിത് ശര്‍മ (36), ക്യാപ്റ്റന്‍ വിരാട് കോലി (4) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല.

വിശാഖപട്ടണത്തെ പിച്ച് ബാറ്റ്‌സ്മാന്‍മാരെ മാത്രമല്ല ബൗളര്‍മാരെയും തുണയ്ക്കുന്നതാണ്. ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാനായാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് വാരിക്കൂട്ടാന്‍ ഈ പിച്ചില്‍ കഴിയും. ബൗളിംഗിലേക്കു വരുമ്പോള്‍ ഫാസ്റ്റ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും തുണയ്ക്കുന്നതാണ് പിച്ച്.

ചെന്നൈ ഏകദിനത്തില്‍ പരാജയപ്പെട്ട ടീമില്‍ ഒരു മാറ്റവുമായാവും ഇന്ത്യയിറങ്ങുക. കേദാര്‍ ജാദവിനു പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ യുസ്വേന്ദ്ര ചഹല്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങിയേക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആദ്യ ഏകദിനത്തില്‍ മധ്യ ഓവറുകളില്‍ ബ്രേക്ക്ത്രൂകള്‍ നേടാന്‍ കഴിയാതിരുന്നതാണ് ഇന്ത്യന്‍ തോല്‍വിക്ക് പ്രധാന കാരണമായത്. ഈ കളിയില്‍ കുല്‍ദീപ് യാദവ് മാത്രമായിരുന്നു ടീമിലെ ഏക അംഗീകൃത സ്പിന്നര്‍. ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ശിവം ദുബെയും രണ്ടാം ഏകദിനത്തിലും തുടരാനാണ് സാധ്യത. പരിക്കു കാരണം പിന്‍മാറിയ ശിഖര്‍ ധവാന്റെ പകരക്കാരനായെത്തിയ മായങ്ക് അഗര്‍വാളിന് ഇന്ത്യ അവസരം നല്‍കിയേക്കില്ല.

പ്ലെയിംഗ് ഇലവന്‍

ഇന്ത്യ: രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി.

വെസ്റ്റ് ഇന്‍ഡീസ്:
സുനില്‍ ആംബ്രിസ്, ഷെയ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പുരാന്‍, കിരോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), റോസ്റ്റണ്‍ ചേസ്, കീമോ പോള്‍, ഷെല്‍ഡണ്‍ കോട്രെല്‍, അല്‍സാറി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്.

Story Highlights- India vs West Indies, Second ODI 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here