ലെബനോനിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകാൻ തയാറെടുത്ത് മുൻ വിദ്യാഭ്യാസ മന്ത്രി ഹസൻ ദയബ്

ലെബനോനിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനൊരുങ്ങി മുൻ വിദ്യാഭ്യാസ മന്ത്രി ഹസൻ ദയബ്. മുൻ പ്രധാനമന്ത്രി സഅദ് അരീരി തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനു പിന്നാലെയാണ് മുൻ വിദ്യാഭ്യാസ മന്ത്രി ഹസൻ ദയബിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കാനൊരുങ്ങുന്നത്. പ്രസിഡന്റ് മൈക്കൽ ഔൻ ലെബനോനിലെ 128 നിയമ നിർമാതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചക്കു ശേഷമാകും തീരുമാനം.
ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കൂടിക്കാഴ്ചയിൽ 128 നിയമ നിർമാതാക്കളുമായി നടത്തുന്ന ചർച്ചക്ക് ശേഷമാകും പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. പ്രസിഡന്റ് മൈക്കൽ ഔൻ നിയമ നിർമാതാക്കളുടെ അഭിപ്രായങ്ങൾ കൂടി ആരാഞ്ഞ ശേഷം അവരുടെ പിന്തുണയോടു കൂടിയായിരിക്കും പ്രധാനമന്ത്രിയുടെ നിയമനം. ലെബനോനിലെ മുൻ വിദ്യാഭ്യാസ മന്ത്രി ഹസൻ ദയബിന്റെ പേരുകളാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. മുൻ പ്രധാനമന്ത്രി സഅദ് അരീരി വീണ്ടും സ്ഥാനാർഥിയാകൊനൊരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും പിന്നീട് അരീരി തന്നെ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് രംഗത്തെത്തി.
ഇതേത്തുടർന്നാണ് ഹസൻ ദയബിന്റെ പേരു നിർദേശിക്കാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഹസൻ ദയബിനെത്തന്നെ പ്രധാനമന്ത്രിയായി നിയമിച്ചേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. പ്രധാനമന്ത്രി സുന്നി മുസ്ലിം വിഭാഗത്തിൽപ്പെടുന്ന ആളായിരിക്കണം എന്ന വ്യവസ്ഥയാണ് ലെബനോൻ പിന്തുടർന്നു വരുന്നത്. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ താനും ഭാഗവാക്കാകുമെന്നും തുടർ നടപടികൾക്ക് യാതൊരു കാലതാമസവുമുണ്ടാകില്ലെന്നും ഇന്നലെ മുൻ പ്രധാനമന്ത്രി സഅദ് അരീരി വ്യക്തമാക്കിയിരുന്നു. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഒക്ടോബർ 29 നാണ് സഅദ് അരീരി പ്രധാനമന്ത്രി സ്ഥാനം രാജി വെച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here