ഹൈദരാബാദിലെ പ്രതികൾ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത് 9 യുവതികളെയെന്ന് റിപ്പോർട്ട്

ഹൈദരാബാദിൽ യുവമൃഗ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾ മുൻപും ഇത്തരം ക്രൂര കൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി പൊലീസ്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ തെലങ്കാനയിലും കർണാടകയിലും ഒൻപത് സ്ത്രീകളെ ഇവർ സമാനമായ രീതിയിൽ കൊലപ്പെടുത്തിയിരുന്നതായി മുഹമ്മദ് ആരിഫ്, ചെന്നകേശവലു എന്നീ പ്രതികൾ കുറ്റ സമ്മതം നടത്തിയിരുന്നതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. മൂന്നു കൊലപാതകങ്ങൾ തെലങ്കാനയിലും ആറു കൊലപാതകങ്ങൾ കർണാടകയിലും നടത്തിയതായാണ് റിപ്പോർട്ട്.
കർണാടകയിൽ നിന്നും ഹൈദരാബാദിലേക്ക് ലോറിയിൽ പോകുമ്പോഴാണ് ഇത്തരത്തിൽ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയിരുന്നത് എന്നാണ് പ്രതികൾ കുറ്റസമ്മതം നടത്തിരുന്നത്. ഇങ്ങനെയുള്ള യാത്രക്കിടെയാണ് ഹൈദരാബാദിലെ യുവ ഡോക്ടറെ കൊലപ്പെടുത്തുന്നതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. ഇത്തരത്തിൽ കൊലചെയ്യപ്പെട്ട പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി ഹൈദരാബാദ് പൊലീസ് കർണാടകയിൽ കാമ്പ് ചെയ്യുകയാണ്.
നവംബർ 27നാണ് തെലങ്കാനയിൽ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുന്നത്. ആസൂത്രിതമായി നടത്തിയ കൊലപാതകത്തിനു ശേഷം മൃതദേഹം പാലത്തിനു സമീപമിട്ട് കത്തിക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here