തിരുവനന്തപുരത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ചു

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ചു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലാമത്തെ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ട്രെയിനു മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ആര്‍പിഎഫ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരമണിക്കൂറോളം ട്രെയിന്‍ തടഞ്ഞശേഷമാണ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്.
മംഗളൂരുവില്‍ ഇന്ന് രാവിലെ മുതല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ദക്ഷിണ കമ്മീഷണറുടെ ഓഫീസ് ഉപരോധിക്കാന്‍ എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ലാത്തി വീശി. ചിതറി ഓടിയ പ്രതിഷേധക്കാരെ പൊലീസ് തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. പകല്‍ മുഴുവന്‍ നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ വൈകുന്നേരം നാലരയോടെയാണ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് തീ വയ്ക്കാന്‍ ശ്രമിച്ചപ്പോളാണ് വെടിവച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here