Advertisement

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ പൊലീസ്; വിതരണക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനടക്കം നടപടി സ്വീകരിക്കും

December 20, 2019
Google News 0 minutes Read

സംസ്ഥാനത്ത് വർധിച്ചു വരുന്ന ലഹരി മരുന്ന് മാഫിയക്കെതിരെ കർശന നടപടികളുമായി പൊലീസ്. കഞ്ചാവിന് പുറമേ സിന്തറ്റിക് ഡ്രഗ്ഗുകളടക്കം പിടികൂടുന്നതിന് പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു. മയക്കു മരുന്ന് വിതരണക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനടക്കം നടപടിയുണ്ടാകും.

സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം മുൻവർഷങ്ങളേക്കാൾ വർധിച്ച പശ്ചാത്തലത്തിലാണ് മയക്കുമരുന്ന് വിതരണവും ഉപയോഗവും തടയാൻ പൊലീസ് കർശന നടപടികൾ തുടങ്ങിയത്. പൊലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ കാൻസാഫിന്റെ കണക്ക് പ്രകാരം ഈ വർഷം നവംബർ വരെ കേരളത്തിൽ 1424 കിലോ കഞ്ചാവാണ് പിടികൂടിയത്. തിരുവനന്തപുരത്തു മാത്രം 452 കിലോ കഞ്ചാവ് പിടികൂടി. ഇതിനു പുറമേ എൽഎസ്ഡി, ഹെറോയിൻ തുടങ്ങിയ സിന്തറ്റിക് ഡ്രഗ്ഗുകളുടെയും, ഫാർമസ്യൂട്ടിക്കൽ ഡ്രഗ്ഗുകളുടെയും വരവും ഉപയോഗവും കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നൂതന സാങ്കേതിക സഹായത്തോടെ പുതിയ കാലഘട്ടത്തിലെ മയക്കുമരുന്ന് കടത്ത് തടയാനാണ് കാൻസാഫിന്റെ നീക്കം. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ നിന്നുള്ള കാൻസാഫ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്ത് പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

മയക്കുമരുന്ന് വിതരണക്കാരുടെ സ്വത്ത് കണ്ടുകെട്ടുക, സ്‌കൂൾ പരിസരത്ത് വിൽപന നടത്തുന്നവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം 7 വർഷം തടവ് ലഭിക്കുന്ന കുറ്റം ചുമത്തുക എന്നതടക്കമുള്ള നിർദേശങ്ങളും പുതുതായി നൽകിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് സ്വയം പിന്മാറുന്നവർക്ക് നിയമപരിരക്ഷ ഉറപ്പാക്കാനും തീരുമാനമുണ്ട്. പൊലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ അവലോകനം ഡിജിപിയുടെ നേതൃത്വത്തിൽ ഓരോ മാസവും വിലയിരുത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here