ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറിന് ജീവപര്യന്തം; കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് പ്രതി

ഉന്നാവ് പീഡനക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് ജീവപര്യന്തം തടവ്. കൂടാതെ 25 ലക്ഷം രൂപ പിഴയായും അടക്കണം. ഡൽഹി പ്രത്യേക കോടതി പത്ത് ലക്ഷം രൂപ പീഡനത്തിനിരയായ പെൺകുട്ടിക്കും 15 ലക്ഷം രൂപ കോടതി ചെലവിനുമായി നൽകാനാണ് വിധിച്ചത്. വിധി കേട്ട് കുൽദീപ് സെൻഗാർ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു.

പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ നൽകാൻ സിബിഎക്ക് കോടതി നിർദേശം നൽകി. തട്ടിക്കൊണ്ട് പോയി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സെഗാർ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ജോലി വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.

Read Also: ഉന്നാവ് ബലാത്സംഗ കേസിൽ കുൽദീപ് സിംഗ് സെൻഗാർ കുറ്റക്കാരൻ

പീഡനം നടന്ന സമയത്ത് നാട്ടിലുണ്ടായിരുന്നില്ല എന്ന പ്രതിയുടെ വാദം കോടതി തള്ളി. സംഭവം നടന്ന സമയത്ത് പെൺകുട്ടി എന്തുകൊണ്ട് പരാതിപ്പെട്ടില്ല, പെൺകുട്ടിയുടെ അമ്മാവൻ ആസൂത്രണം ചെയ്തതാണ് കേസ് എന്നീ വാദങ്ങളും കോടതി അംഗീകരിച്ചില്ല. ഭീഷണി പേടിച്ച് ശബ്ദമുയർത്താൻ പോലും പെൺകുട്ടിക്ക് കഴിഞ്ഞിരുന്നില്ലെന്നും കോടതി. കുറ്റപത്രം വൈകിച്ചതടക്കം കേസിലെ സിബിഐയുടെ മെല്ലെപ്പോക്കിനെയും കോടതി വിമർശിച്ചു.

2018 ഏപ്രിലിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഉന്നാവ് പെൺകുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് കൂട്ടബലാത്സംഗം രാജ്യമറിഞ്ഞത്. സെൻഗാറിനും കൂട്ടുപ്രതികൾക്കുമെതിരെ 2017 ഓഗസ്റ്റിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാതെ ആട്ടിയോടിക്കുന്നുവെന്ന് പെൺകുട്ടി പറഞ്ഞത് രാജ്യം ഞെട്ടലോടെയാണ് കേട്ടത്. വൻ രാഷ്ട്രീയ കോളിളക്കമുണ്ടായതോടെ കേസ് സിബിഐ ഏറ്റെടുത്തു. ബിജെപി എംഎൽഎയും കൂട്ടുപ്രതികളും അറസ്റ്റിലായി. ഇതിനിടെ, പെൺകുട്ടിയെ ട്രക്കിടിപ്പിച്ച് കൊല്ലാനും ശ്രമം നടന്നു.

മാസങ്ങൾ നീണ്ട വിദഗ്ധ  ചികിത്സക്കൊടുവിലാണ് പെൺകുട്ടി സാധാരണ നിലയിലേക്കെത്തിയത്. സുരക്ഷ വേണമെന്ന പെൺകുട്ടിയുടെ കത്ത് കണക്കിലെടുത്ത സുപ്രിംകോടതി, വിചാരണ ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബർ രണ്ടിനാണ് അവസാനിച്ചത്. ഇതിനിടെ, ഡൽഹി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താൽക്കാലിക കോടതിയിൽ ഇരയുടെ മൊഴി രേഖപ്പെടുത്തി. സിബിഐയുടെയും പ്രതികളുടെയും വാദമുഖങ്ങളും പൂർത്തിയായ ശേഷമാണ് വിധി പറയാൻ മാറ്റിയത്.

 

 

 

unnao rape case, kuldeep singh sengar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top