ഡൽഹിയിൽ അറസ്റ്റിലായവരെ വിട്ടയച്ചു; സിദ്ധരാമയ്യക്ക് മംഗളൂരു പൊലീസ് വിലക്ക്; ഉത്തർപ്രദേശിൽ മരണസംഖ്യ 11 ആയി ഉയർന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ച് തുടങ്ങി. നേരത്തെ ഡൽഹി പൊലീസ് ഒമ്പത് കുട്ടികളുൾപ്പടെ 42 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അതിൽ കുട്ടികളെയാണ് വിട്ടയച്ചത്. അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ആസ്ഥാനത്ത് ആളുകൾ പ്രതിഷേധിക്കുന്നുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജുമാ മസ്ജിദിൽ പ്രക്ഷോഭം നയിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് പുലർച്ചെ 3.30ന് കസ്റ്റഡിയിലെടുത്തിരുന്നു. ജുമാ മസ്ജിദ് പ്രതിഷേധത്തിൽ ഉൾപ്പെട്ടവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ആസാദ് കസ്റ്റഡിയിൽ പോകാൻ തയാറായത്. ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ അറസ്റ്റുണ്ടായി.
Read Also: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തുടരുന്നു; ബി എസ് യെദിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും
കഴിഞ്ഞ ദിവസം നിസ്‌കാരം കഴിഞ്ഞ് ആയിരക്കണക്കിന് ആളുകൾ പള്ളി പരിസരത്ത് തടിച്ച് കൂടിയിരുന്നു. പൊലീസ് ബാരിക്കേഡ് വച്ചാണവരെ ഒരു ഗേറ്റിൽ തടഞ്ഞത്. പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ആസാദിനെ പള്ളിക്ക് പുറത്ത് വച്ച് പൊലീസ് പിടികൂടിയിരുന്നു. ജനം പ്രതിഷേധം കൂടുതൽ കനപ്പിച്ചതോടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളിലൂടെ ചാടിക്കടന്ന് വീണ്ടും ആൾക്കൂട്ടത്തിനടുത്തെത്തി. ഭരണഘടന ഉയർത്തിപ്പിടിച്ചും മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രതിഷേധം. ജയ് ഭീം മുഴക്കി മുഖം മറച്ചാണ് ഇദ്ദേഹമെത്തിയത്. വലിയ രീതിയിലുള്ള പ്രക്ഷോഭമാണ് ആസാദിന്റെ നേതൃത്വത്തിൽ നടന്നത്. നിരവധി പേർ ജന്തർമന്ദിറിലേക്ക് മാർച്ച് നടത്താനൊരുങ്ങിയതോടെ അവിടേക്കുള്ള വഴി പൊലീസ് അടച്ചിരുന്നു. പിന്നീടും കസ്റ്റഡിയിലെടുക്കാൻ ശ്രമമുണ്ടായെങ്കിലും ആസാദ് വഴങ്ങിയില്ല. ശേഷമാണ് പുലർച്ചെ അറസ്റ്റുണ്ടായത്.
രാജ്യ തലസ്ഥാനം ഇന്നും അതീവ ജാഗ്രതയിലാണ്. കേന്ദ്രീകൃത സ്വഭാവം സമരങ്ങൾക്ക് ഇല്ലാത്തതിനാൽ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം പൊലീസിന്റെ കർശന സുരക്ഷയുണ്ട്.
അതേസമയം, കർണാടകയിൽ സിദ്ധരാമയ്യക്ക് മംഗളൂരു പൊലീസിന്റെ നോട്ടിസ് നൽകി. മംഗളൂരുവിൽ വന്നാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും യാത്ര മാറ്റിവെക്കണമെന്നും പൊലീസ്. മംഗളൂരുവിലെത്തിയാൽ അറസ്റ്റിന് സാധ്യതയുണ്ട്. ഇന്നലെ മംഗളൂരു സന്ദർശിക്കാനിരുന്ന സിദ്ധരാമയ്യ യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മംഗലാപുരത്ത് നാളെ അർധരാത്രി വരെ കർഫ്യൂ തുടരും. സംസ്ഥാനതിർത്തിയായ കാസർഗോഡ് തലപ്പാടിയിൽ ഗതാഗത നിയന്ത്രണമുണ്ട്. കേരളത്തിൽ വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനമുണ്ട്. അവശ്യ സർവീസുകളൊഴികെ മറ്റു വാഹനങ്ങൾ കടത്തിവിടുന്നില്ല.
മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞയുണ്ട്. ജബൽപൂരിൽ ഇന്റർനെറ്റ് സേവനം തടസപ്പെടുത്തും. ഇന്നലെ 44 ജില്ലകളിലായിരുന്നു നിരോധനാജ്ഞ.
ഉത്തർപ്രദേശിൽ പ്രക്ഷോഭങ്ങളിലെ മരണസംഖ്യ 11 ആയി ഉയർന്നു. നേരത്തെ ഏഴ് ആളുകളാണ് മരിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. പലയിടങ്ങളിലും കനത്ത ജാഗ്രതാ നിർദേശമുണ്ട്. 15 ജില്ലകളിൽ ഇന്റർനെറ്റില്ല.
ബിഹാറിൽ ആർജെഡി ബന്ദ് തുടങ്ങി. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പാർട്ടി. ബന്ദിന് ഇടത് പാർട്ടികളുടെ പിന്തുണയുണ്ട്. ഇടത് പക്ഷവും വിഷയത്തിൽ ബന്ദ് നടത്തിയിരുന്നു.
delhi, chandrashekhar azad, arrest, siddaramaiah, police, mangaluru, up 11 dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here