തോൽവിക്ക് കാരണം മെസ്സി ബൗളി നഷ്ടമാക്കിയ അവസരങ്ങൾ; തുറന്നടിച്ച് ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ

ചെന്നൈയിൻ എഫ്സിക്കെതിരെ തോൽക്കാൻ കാരണം മെസ്സി ബൗളിയാണെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഇഷ്ഫാഖ് അഹ്മദ്. മെസ്സി ബൗളി ഒട്ടേറെ അവസരങ്ങൾ പാഴാക്കിയെന്നും അദ്ദേഹം അത് വിനിയോഗിച്ചിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്സിനു ജയിക്കാനാവുമായിരുന്നുവെന്നും ഇഷ്ഫാഖ് പറഞ്ഞു.
“ഞങ്ങൾ ഗോൾ സ്കോർ ചെയ്തു. അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പക്ഷേ, മെസ്സി ബൗളി കുറച്ച് അവസരങ്ങൾ നഷ്ടപ്പെടുത്തി. മികച്ച ഒരു ടീമിനെതിരെ മൂന്നോ നാലോ അവസരങ്ങളെ ലഭിക്കൂ. അത് മുതലാക്കാനാവണം. അവർക്ക് മൂന്ന് അവസരങ്ങൾ ലഭിച്ചത് അവർ ഗോളാക്കി. നമുക്ക് ലഭിച്ച അവസരങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ.”- ഇഷ്ഫാഖ് പറഞ്ഞു.
മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ആന്ദ്രെ ഷെംബ്രിയിലൂടെ ചെന്നൈയിനാണ് സ്കോറിംഗ് തുടങ്ങിയത്. 10 മിനിട്ടുകൾക്ക് ശേഷം ഓഗ്ബച്ചെയിലൂടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. എന്നാൽ, ലാലിയന്‍സുലയുടേയും വല്‍സ്‌കിസിന്റേയും ആദ്യ പകുതിയിലെ ഗോളുകൾ ബ്ലാസ്റ്റേഴ്സിൻ്റെ കഥ കഴിച്ചു. രണ്ടാം പകുതിയിൽ ഗോളുകളൊന്നും വീണില്ല.
പോയിന്റ് ടേബിളില്‍ 9ാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 9 കളിയില്‍ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇതുവരെ നേടാനായത്. നാല് കളിയില്‍ തോല്‍ക്കുകയും നാല് കളികളില്‍ സമനില വഴങ്ങുകയും ചെയ്തു. ജയത്തോടെ ചെന്നൈയിൻ നില മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. 8 മത്സരങ്ങളിൽ നിന്ന് 2 ജയമാണ് ചെന്നൈയിനുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here