സഫ ഫെബിനെതിരെ എൻഡിഎ എംഎൽഎയുടെ വ്യാജ പ്രചാരണം; നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സഫയുടെ പിതാവിന്റെ പരാതി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെയും മലപ്പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രസംഗം മൊഴി മാറ്റി വാർത്തകളിൽ ഇടം നേടിയ സഫ ഫെബിനെയും ബന്ധപ്പെടുത്തി വ്യാജപ്രചാരണം നടത്തിയ എൻഡിഎ എംഎൽഎക്കെതിരെ പരാതിയുമായി സഫയുടെ പിതാവ് കുഞ്ഞുമുഹമ്മദ് മുസ്ലിയാർ. ഡല്‍ഹി എംഎല്‍എ മഞ്ജീന്ദർ സിങ് സിർസക്കെതിരെ മലപ്പുറം കരുവാരക്കുണ്ട് സ്റ്റേഷനിലാണ് അദ്ദേഹം പരാതി നൽകിയത്.
മഞ്ജീന്ദർ സിങ് സിർസ മകൾക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്നും ഇത് തനിക്കും വിദ്യാർത്ഥിനിയായ തൻ്റെ മകൾക്കും തങ്ങളുടെ കുടുംബത്തിനും മാനഹാനി ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഇത് തുടർജീവിതത്തിനു തടസം സൃഷ്ടിക്കുമെന്നും തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടേണ്ടി വരുമോ എന്ന് ഭയപ്പെടുകയാണെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് സർസ വ്യാജപ്രചാരണവുമായി രംഗത്തെത്തിയത്. അകാലിദൾ നേതാവായ ഇയാൾ 2017ൽ ബിജെപി ടിക്കറ്റിലാണ് ജയിച്ചത്. മലപ്പുറത്ത് നടന്ന പരിപാടിക്കിടെ രാഹുലിനൊപ്പം നിൽക്കുന്ന സഫയുടെ ചിത്രവും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന പെൺകുട്ടിയുടെ ചിത്രവും ചേർത്ത് ഇത് രണ്ടും ഒരാളാണെന്ന മട്ടിലായിരുന്നു ട്വീറ്റ്. ‘ഇപ്പോൾ നമുക്കറിയാം ഡൽഹിയിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ആരാണെന്ന്’- ഇതോടൊപ്പം മഞ്ജീന്ദർ കുറിച്ചു. തുടർന്ന് ട്വീറ്റിനെതിരെ കടുത്ത വിമർശനം വന്നതോടെ ഇയാൾ അത് പിൻവലിച്ചു. എന്നാൽ ഇപ്പോൾ ഈ ചിത്രം പലരും ഫേസ്ബുക്കിലും ഇത്തരത്തിൽ പങ്കുവെക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here