Advertisement

എക്സ്ട്രാ ടൈമിൽ ഫിർമിനോ രക്ഷകനായി; ലിവർപൂളിന് ക്ലബ് ലോകകപ്പ്

December 22, 2019
Google News 1 minute Read

ക്ലബ് ലോകകപ്പ് കിരീടം ഇംഗ്ലീഷ് ക്ലബ് ലിവർപൂളിന്. ഖത്തര്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രസീലിയൻ ക്ലബ് ഫ്ലമങ്ങോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ലിവർപൂൾ കിരീടത്തിലെത്തിയത്. ഇത് ആദ്യമായാണ് ലിവർപൂൾ ക്ലബ് ലോകകപ്പ് നേടുന്നത്.

ചാമ്പ്യൻസ് ലീഗ് ജേതാക്കളും പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് കുതിക്കുന്നവരുമായ ലിവർപൂളിൻ്റെ പെരുമയെ പേടിക്കാതെ ഫ്ലമങ്ങോ കടുത്ത പോരാട്ടവീര്യം കാഴ്ച വെച്ചതോടെ കളി ആവേശകരമായി. ലിവർപൂൾ ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച ബ്രസീലിയൻ ക്ലബ് എതിരാളികളെ പലവട്ടം പരീക്ഷിച്ചു. ഫുൾ സ്ക്വാഡുമായി ഇറങ്ങിയ ലിവർപൂളും പലവട്ടം ഫ്ലമങ്ങോ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും അവർ കീഴടങ്ങിയില്ല. പക്ഷേ, ഇരു ടീമുകളും പരസ്പരം ആവേശകരമായ ആക്രമണം കാഴ്ച വെച്ച 90 മിനിട്ടുകളിലും ഗോൾ പിറന്നില്ല.

കളി ഒടുവിൽ അധിക സമയത്തേക്ക് നീങ്ങി. 99ആം മിനിട്ടിലാണ് കളിയുടെ ഗതി നിർണയിച്ച ഗോൾ പിറന്നത്. സാദിയോ മാനെയിൽ നിന്ന് ലഭിച്ച പന്ത് പ്രതിരോധത്തെയും ഗോളിയെയും കബളിപ്പിച്ച് ഫിർമിനോ വലയിൽ നിക്ഷേപിച്ചു. ഗോൾ വീണതിനു ശേഷം ലിവർപൂൾ തന്നെയാണ് കളം ഭരിച്ചത്. പക്ഷേ, രണ്ടാമതൊന്നു കൂടി വല തുളക്കാൻ അവർക്കായില്ല.

ക്ലബ് ലോകകപ്പ് നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബാണ് ലിവർപൂൾ. 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ക്ലബ് ലോകകപ്പിൽ മുത്തമിട്ട ആദ്യ ഇംഗ്ലീഷ് ടീം. നാലു വട്ടം കിരീടം ചൂടിയ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡാണ് ഏറ്റവുമധികം തവണ കിരീടനേട്ടത്തിലെത്തിയത്. മൂന്ന് കിരീടങ്ങളുമായി റയലിൻ്റെ റൈവൽ ക്ലബ് ബാഴ്സലോണ രണ്ടാം സ്ഥാനത്താണ്.

Story Highlights: Club World Cup, Liverpool FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here