43 വര്‍ഷത്തിന് ശേഷം ക്യൂബയില്‍ പ്രധാനമന്ത്രിയെ നിയമിച്ചു

വിനോദസഞ്ചാര വകുപ്പ് മന്ത്രി മാനുവല്‍ മരേറോ ക്രൂസിനെയാണ് പ്രസിഡന്റ് മിഖായേല്‍ ഡയാസ് കാനല്‍ പ്രധാനമന്ത്രിയായി നിയമിച്ചത്. 1976ന് ശേഷം ആദ്യമായാണ് ക്യൂബയില്‍ പ്രധാനമന്ത്രി നിയമനം നടക്കുന്നത്.
പുതിയ പ്രധാനമന്ത്രിയെ ദേശീയ അസംബ്ലി ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവര്‍ത്തനമികവും വിശ്വാസ്യതയും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയുമാണ് മരേരോയുടെ പ്രത്യേകതയെന്ന് പ്രസിഡന്റ് മിഖായേല്‍ ഡയാസ് കാനല്‍ പറഞ്ഞു.
രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ ടൂറിസം മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് മരേരോയെന്ന് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം ഗ്രാന്മയും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രധാനമന്ത്രി നിയമനം വെറും മുഖംമിനുക്കല്‍ മാത്രമാണെന്ന വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകര്‍ രംഗത്തെത്തി. എന്ത് നിയമനം നടന്നാലും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സൈന്യവും മാത്രമാണ് ക്യൂബയിലെ നിര്‍ണായക ശക്തികളെന്നും അവര്‍ പറഞ്ഞു.
1976 ലെ ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷമാണ് ക്യൂബയില്‍ പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞത്. 1959 മുതല്‍ 1976 വരെ ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയായിരുന്നു ക്യൂബയിലെ പ്രധാനമന്ത്രി. ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷം അദ്ദേഹം ക്യൂബയുടെ ആദ്യ പ്രസിഡന്റായി. ഈ വര്‍ഷമാദ്യം പാസാക്കിയ പുതിയ ഭരണഘടനയിലെ വകുപ്പുകള്‍ പ്രകാരമാണ് ക്യൂബ പ്രധാനമന്ത്രി പദം പുനഃസ്ഥാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here