Advertisement

ആവേശപ്പോരിൽ ഇന്ത്യക്ക് ജയം; പരമ്പര

December 22, 2019
Google News 1 minute Read

വെസ്റ്റ് ഇൻഡീസിനെതിരെ കട്ടക്കിൽ നടന്ന ആവേശപ്പോരിൽ ഇന്ത്യക്ക് ജയം. 4 വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ കെട്ടുകെട്ടിച്ചത്. വിൻഡീസ് ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 85 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ലോകേഷ് രാഹുൽ (77), രോഹിത് ശർമ്മ (63) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് നിർണ്ണായക സംഭാവനകൾ നൽകി. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

അനായാസമായിരുന്നു ഇന്ത്യൻ ഓപ്പണർമാരുടെ ബാറ്റിംഗ്. ഓവറിൽ ആറു റൺസെന്ന നിരക്ക് കൃത്യമായി കാത്തു സൂക്ഷിച്ച ഇരുവരും ചേസിംഗിൻ്റെ സമ്മർദ്ദങ്ങളൊന്നുമില്ലാതെയാണ് ബാറ്റ് വീശിയത്. രാഹുൽ 49 പന്തുകളിലും രോഹിത് 52 പന്തുകളിലും അർധസെഞ്ചുറി തികച്ചു. അനായാസം മുന്നോട്ടു പോകവെ ആണ് രോഹിത് പുറത്തായത്. രണ്ടാം സ്പെല്ലിനായി മടങ്ങി വന്ന ജേസൻ ഹോൾഡറിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിൻ്റെ കൈകളിൽ അവസാനിക്കുമ്പോൾ രാഹുലുമായി 122 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ രോഹിത് പങ്കാളിയായിരുന്നു.

പിന്നാലെ വിരാട് ക്രീസിലെത്തി. നന്നായിത്തന്നെയാണ് വിരാട് തുടങ്ങിയതെങ്കിലും മധ്യ ഓവറുകളിൽ വിൻഡീസ് ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ഇന്ത്യൻ സ്കോറിംഗ് റേറ്റ് താഴ്ന്നു. 30ആം ഓവറിൽ ലോകേഷ് രാഹുൽ പുറത്തായി. അൽസാരി ജോസഫിൻ്റെ പന്തിൽ ഷായ് ഹോപ്പ് പിടിച്ചാണ് രാഹുൽ പുറത്തായത്. 77 റൺസെടുത്ത രാഹുൽ കോലിയുമായി 45 റൺസ് കൂട്ടിച്ചേർത്തിരുന്നു. ശേഷമായിരുന്നു തകർച്ച. കീമോ പോലിൻ്റെ പന്തിൽ ശ്രേയാസ് അയ്യരെ (7) അൽസാരി ജോസഫ് പിടികൂടിയപ്പോൾ ഋഷഭ് പന്തിനെ (7) കീമോ പോൾ ക്ലീൻ ബൗൾഡാക്കി. കേദാർ ജാദവിൻ്റെ (9) കുറ്റി പിഴുത ഷെൽഡൻ കോട്രൽ ഇന്ത്യൻ മധ്യനിരയുടെ പതനം പൂർത്തിയാക്കി.

ശേഷം രവീന്ദ്ര ജഡേജ വിരാട് കോലിക്കൊപ്പം ചേർന്നു. ആദ്യ ഘട്ടങ്ങളിൽ കോലിക്ക് പിന്തുണ നൽകിയ കോലി അവസാനമായപ്പോഴേക്കും തുടർച്ചയായ ബൗണ്ടറികൾ കണ്ടെത്തി ഇന്ത്യക്ക് പ്രതീക്ഷ പകർന്നു. എന്നാൽ 47ആം ഓവറിൽ കീമോ പോളിനു മൂന്നാം വിക്കറ്റ് സമ്മാനിച്ച് വിരാട് കോലി മടങ്ങിയതോടെ ഇന്ത്യ വീണ്ടും ബാക്ക്‌ഫൂട്ടിലായി. 81 പന്തുകളിൽ 85 റൺസെടുത്ത കോലി പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. പുറത്താവുമ്പോൾ കോലി ജഡേജയുമായി 58 റൺസ് കൂട്ടിച്ചേർത്തിരുന്നു.

തോൽവിയുറപ്പിച്ച ഇന്ത്യയെ ഷെൽഡൻ കോട്രൽ എറിഞ്ഞ 48ആം ഓവറിൽ തുടർച്ചയായ സിക്സറും ബൗണ്ടറിയുമായി ഷർദ്ദുൽ താക്കൂർ വീണ്ടും കൈപിടിച്ചുയർത്തി. ആ ഓവറിൽ കളി തീരുമാനിക്കപ്പെട്ടിരുന്നു. കീമോ പോൾ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ ഒരു ബൗണ്ടറിയും ഡബിളുമോടിയ ജഡേജ സ്കോർ തുല്യമാക്കി. 49ആം ഓവറിലെ അഞ്ചാം പന്ത് ഇരുവരും സിംഗിളോടി. സ്ട്രൈക്കർ എൻഡിലേക്ക് ഓടിക്കയറിയ ഷർദ്ദുലിനെതിരെ നേരിട്ടൊരു റണ്ണൗട്ട് അപ്പീലും ആ പന്തിൽ വന്നു. പക്ഷേ, റിപ്ലേയിൽ ആ പന്ത് ഫ്രണ്ട് ഫുട്ട് നോ ബോളാണെന്ന് കണ്ടെത്തിയതോടെ ഇന്ത്യക്ക് ജയം.

ജയിക്കുമ്പോൾ ജഡേജ 39 റൺസെടുത്തും താക്കൂർ 17 റൺസെടുത്തും പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here