രാജസ്ഥാനും ഉനദ്കട്ടും; ഇത് പൊന്നിൽ തീർത്ത ബന്ധം

ഐപിഎൽ ലേലത്തിൽ സന്തുലിതമെന്നു തോന്നിക്കുന്ന സ്മാർട്ട് ബൈ നടത്തിയ ടീമുകളിൽ പെട്ട ഒരു ടീമാണ് രാജസ്ഥാൻ റോയൽസ്. ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായി ഓട്ടയ്ടക്കാൻ രാജസ്ഥാൻ ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ബാറ്റിംഗ് മധ്യനിരയും പേസ് ബൗളിംഗും രാജസ്ഥാൻ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ആകെ 11 താരങ്ങളെയാണ് രാജസ്ഥാൻ ലേലം കൊണ്ടത്. അതിൽ തന്നെ ആറു താരങ്ങൾ ബൗളർമാരാണ്. ജയ്ദേവ് ഉനദ്കട്ട് അടക്കം ആറ് ബൗളർമാരെ രാജസ്ഥാൻ സ്വന്തമാക്കി. കഴിഞ്ഞ രണ്ട് സീസണുകളിലായി റിലീസ് ചെയ്യുകയും തിരിച്ച് വിളിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക തരം ബന്ധമാണ് ഉനദ്കട്ടും രാജസ്ഥാനും തമ്മിലുള്ളത്. ഉനദ്കട്ടിനെ അള്ളിപ്പിടിക്കാൻ മാത്രമുള്ള പ്രകടനങ്ങളൊന്നും അദ്ദേഹം കഴിഞ്ഞ രണ്ട് സീസണുകളിലും കാഴ്ച വെച്ചിട്ടുമില്ല. പിന്നെ എന്തു കൊണ്ടായിരിക്കുമെന്ന ചോദ്യം ചുമ്മാ വായുവിലിങ്ങനെ കറങ്ങി നടക്കുകയേയുള്ളൂ.
ആന്ദ്രൂ തൈ, ഒഷേൻ തോമസ്, ടോം കറൻ, കാർത്തിക് ത്യാഗി, ആകാശ് സിംഗ് എന്നിവരാണ് ലേലത്തിൽ രാജസ്ഥാൻ വാങ്ങിയ മറ്റു ബൗളർമാർ. എല്ലാവരും പേസർമാരാണ്. കാർത്തികും ആകാശും ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് ടീം അംഗങ്ങളാണ്. കാർത്തികിനെപ്പറ്റി ആഭ്യന്തര ക്രിക്കറ്റ് ഏറെ സംസാരിക്കുന്നുണ്ട്. ഇരുവരും ആഭ്യന്തര മത്സരങ്ങളിൽ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തവരാണ്. ഇരുവർക്കും അധികം അവസരങ്ങൾ ലഭിക്കുമെന്ന് കരുതുന്നില്ലെങ്കിലും ഒന്നോ രണ്ടോ മത്സരങ്ങളിൽ ഇറങ്ങിയേക്കും.
ബാക്കിയുള്ള മൂന്നു പേരും വിദേശികളാണ്. ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്, സ്റ്റീവൻ സ്മിത്ത്, ജോസ് ബട്ലർ എന്നിവർ ഫൈനൽ ഇലവനിൽ ഉണ്ടാകുമെന്നതിനാൽ മൂന്നു പേരും കളിക്കാനിറങ്ങണമെന്ന് നിർബന്ധമില്ല. അല്ലെങ്കിൽ ജോഫ്ര ആർച്ചറിനെയോ ജോസ് ബട്‌ലറിനെയോ പുറത്താക്കി പകരം ഇവരെ പരീക്ഷിക്കണം. ബട്‌ലറെ ഒഴിവാക്കുകയാണ് പ്രാക്ടിക്കലി നടക്കുന്ന കാര്യം. സഞ്ജു ഉണ്ടാവും എന്നതു കൊണ്ട് തന്നെ വിക്കറ്റ് കീപ്പിംഗ് ഒരു പ്രശ്നമാവില്ല. ആന്ദ്രൂ തൈ നേരത്തെ ഐപിഎൽ കളിച്ച് തെളിയിച്ചയാളാണ്. ഡെത്ത് ഓവറുകൾ എറിയാൻ മിടുക്കൻ. ടോം കറനും ഒഷേൻ തോമസും ക്വാളിറ്റി ബൗളർമാർ തന്നെയാണ്. പക്ഷേ, മേല്പറഞ്ഞ പ്രതിസന്ധി അപ്പോഴും നിലനിൽക്കും. ആരെ ഒഴിവാക്കി ഇവരെ ഇറക്കും? മിക്കവാറും ആർച്ചർക്കൊപ്പം ഉനദ്കട്ട് തന്നെ ന്യൂ ബോൾ പങ്കിട്ടേക്കും. ഒപ്പം അങ്കിത് രാജ്പൂതോ വരുൺ ആരോണോ കൂടി ടീമിലുണ്ടാവും.
രാജസ്ഥാൻ്റെ മറ്റൊരു ശ്രദ്ധേയമായ പർച്ചേസാണ് ഡേവിഡ് മില്ലർ. ഒരു ഫിനിഷറുടെ റോളാവും മിക്കവാറും മില്ലർക്കുണ്ടാവുക. പക്ഷേ, അപ്പോഴും നാല് വിദേശ താരങ്ങളെന്ന കണക്ക് രാജസ്ഥാനെ കുഴപ്പിക്കും. അവിടെയും ബലിയാടാവുക ബട്‌ലർ തന്നെയാവും. മില്ലറിനെ പരീക്ഷിക്കണമെന്നും നിർബന്ധമില്ല.
യശസ്വി ജയ്സ്വാൾ, റോബിൻ ഉത്തപ്പ, അനുജ് റാവത്ത് എന്നീ മൂന്നു താരങ്ങളാണ് ഇനി വാങ്ങിയവരിൽ ബാക്കിയുള്ളത്. ഇതിൽ യശസ്വി ജെയ്സ്വാൾ ഫൈനൽ ഇലവനിലെത്താൻ നല്ല സാധ്യതയുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോമിലുപരി ഒരു ഓപ്പണറെ രാജസ്ഥാനു വേണമെന്നതും യുവതാരത്തിന് അനുഗ്രഹമാവും. ആ റോളിലേക്ക് വേണമെങ്കിൽ ഉത്തപ്പയെയും പരീക്ഷിക്കാം. പ്രത്യേകിച്ചും രഹാനെയെ വിട്ടു നൽകിയതിൻ്റെ പശ്ചാത്തലത്തിൽ എസ്ക്പീരിയൻസ്ഡായ കളിക്കാരനെന്ന നിലയിൽ ഉത്തപ്പ ടീമിലെത്തിയേക്കാം. അനുജ് റാവത് ബെഞ്ചിലിരുന്ന് സമയം കളയാനാണ് സാധ്യത.
അതായത്, ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ കഴിഞ്ഞ സീസണിൽ നിന്നൊരു മാറ്റം കാണുന്നില്ല. മയങ്ക് മാർക്കണ്ഡെയെ മുംബൈയിൽ നിന്ന് ടീമിലെത്തിച്ചുവെങ്കിലും ശ്രേയാസ് ഗോപാൽ തന്നെ സ്പിന്നർ റോളിലെത്താനാണ് സാധ്യത. ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിൽ യശസ്വി ജയ്സ്വാൾ ഫൈനൽ ഇലവനിലെത്തിയേക്കും. മില്ലറിനും ഉത്തപ്പക്കും വിദൂരസാധ്യത.
Story Highlights: Rajasthan Royals, IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here