ഐപിഎൽ കരാർ ലഭിക്കാത്തതിൽ നിരാശയില്ലെന്ന് മുഷ്ഫിക്കർ റഹീം

ഐപിഎൽ കരാർ ലഭിക്കാത്തതിൽ നിരാശയില്ലെന്ന് ബംഗ്ലാദേശ് താരം മുഷ്ഫിക്കർ റഹീം. താനൊരിക്കലും അത് കാര്യമായി എടുത്തിട്ടില്ലെന്നും നേരിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ലെന്നും മുഷ്ഫിക്കർ പറഞ്ഞു. ഇതുവരെ ഐപിഎൽ കളിക്കാനവാത്ത കളിക്കാരനാണ് മുഷ്ഫിക്കർ റഹീം.
“ഇത്തരം കാര്യങ്ങൾ ചിലപ്പോൾ സംഭവിക്കും, ചിലപ്പോൾ സംഭവിക്കില്ല. പക്ഷേ, അതൊന്നും എന്നെ കാര്യമായി അലോസരപ്പെടുത്തുന്നില്ല. ഇത്തവണ എനിക്ക് നേരിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, നടന്നില്ല. ജീവിതം മുന്നോട്ടു പോവുകയാണ്. ഞാനതിന് ഒരിക്കലും പ്രാധാന്യം നൽകിയിട്ടില്ല. ഇപ്പോൾ കളിക്കുന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗിലാണ് എൻ്റെ ശ്രദ്ധ.”- അദ്ദേഹം പറഞ്ഞു.
ലേലപ്പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും റഹീം കൂട്ടിച്ചേർത്തു. ആരും തന്നെ ടീമിലെടുക്കില്ലെന്നറിയാമായിരുന്നു. അതു കൊണ്ട് രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് ഐപിഎൽ അധികാരികൾ തന്നെ ബന്ധപ്പെട്ടതു കൊണ്ടാണ് താൻ പേര് രജിസ്റ്റർ ചെയ്തതെന്നും മുഷ്ഫിക്കർ പറഞ്ഞു.
“അതൊന്നും എൻ്റെ നിയന്ത്രണത്തിലല്ല. അതേപ്പറ്റിയൊന്നും എനിക്ക് കാര്യമായി അറിയില്ല. മാധ്യമങ്ങളിൽ നിന്നാണ് ചില ടീമുകൾ തന്നിൽ താത്പര്യപ്പെട്ടിട്ടുണ്ടെന്നറിഞ്ഞത്. അതിനപ്പുറമൊന്നും അറിയില്ല.”- അദ്ദേഹം വിശദീകരിച്ചു.
ഇത്തവണ ഐപിഎല്ലിൽ ഒരു ബംഗ്ലാദേശ് താരം പോലും കളിക്കില്ല. ലേലത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെയും ആരും ടീമിലെടുത്തില്ല. സൺ റൈസേഴ്സിൻ്റെ താരമായ ഷാക്കിബ് അൽ ഹസൻ ഐസിസിയുടെ വിലക്ക് നേരിടുന്നതിനാൽ ടീമിനൊപ്പം ഉണ്ടാവില്ല.
Story Highlights: Mushfiquer Rahim, IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here