Advertisement

പൗരത്വ നിയമ ഭേദഗതി; മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ എതിർത്ത് വി ഡി സതീശൻ

December 22, 2019
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരത്തിനെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തുറന്നെതിർത്ത് വിഡി സതീശൻ എംഎൽഎ ഡൽഹിയിൽ സോണിയാ ഗാന്ധിക്കും യെച്ചൂരിക്കും ഒരുമിച്ച് ഇരിക്കാമെങ്കിൽ കേരളത്തിലെ നേതാക്കൾക്കും അങ്ങനെയാകാമെന്ന് അദ്ദേഹം പറഞ്ഞു. സങ്കുചിത നിലപാടാണ് മുല്ലപ്പള്ളിയുടേതെന്ന് ആരോപിച്ച് സിപിഐഎമ്മും രംഗത്തെത്തി.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ച് സമരം ചെയ്തതിൽ തെറ്റില്ലെന്ന വി.ഡി സതീശന്റെ വാക്കുകൾ മുല്ലപ്പള്ളിക്കുള്ള കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ മറുപടിയായി. ഒന്നിച്ച് നിൽക്കേണ്ടി വന്നാൽ ഇനിയും നിൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സംയുക്ത സമരത്തിന്റെ കാര്യത്തിൽ പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയും മുസ്ലീം ലീഗും എടുത്ത നിലപാടുകൾ ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടിയാണ്, സിപിഐഎം മുല്ലപ്പള്ളിക്കെതിരെ രംഗത്തെത്തിയത്. ഇത്രയും ഗൗരവമായ സാഹചര്യത്തിലും മുല്ലപ്പള്ളി, സിപിഐഎം വിരുദ്ധ നിലപാട് മാത്രം പ്രതിഫലിപ്പിക്കുകയാണെന്ന് സംസ്ഥാന സമിതി വാർത്താക്കുറിപ്പിൽ ആരോപിച്ചു. ശബരിമല പ്രശ്നത്തിൽ സുപ്രിംകോടതി വിധിക്കെതിരെ ആർഎസ്എസുമായി യോജിച്ച് കർമ സമിതിയിൽ പ്രവർത്തിക്കാൻ മുല്ലപ്പള്ളിക്ക് മടിയുണ്ടായിരുന്നില്ല. ഇന്ത്യയെ നിലനിർത്താനുള്ള വിശാല പോരാട്ടത്തിന് സിപിഐഎമ്മുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയില്ലെന്നു പറയുന്നത് എത്രമാത്രം സങ്കുചിതമാണെന്നും സംസ്ഥാന സമിതി വിലയിരുത്തി.

അടുത്തമാസം 26ന് നടക്കുന്ന മനുഷ്യചങ്ങലയിൽ യുഡിഎഫിന്റെ സഹകരണവും പ്രതീക്ഷിക്കുന്നതായി ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ പറഞ്ഞു. സംയുക്ത സമരത്തിന്റെ കാര്യത്തിൽ കേരളത്തിലെ കോൺഗ്രസിന് നിലപാട് തിരുത്തേണ്ടിവരുമെന്ന് മന്ത്രി ഇ പി ജയരാജനും പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here