കോഴിക്കോട് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ബംഗാളിൽ നിന്നുള്ള തൊഴിലാളികൾക്ക് മർദനം

പൗരത്വ നിയമ ഭേദഗതിക്കെതിരെ മാർച്ചിൽ പങ്കെടുത്തതിന് ബംഗാളിൽ നിന്നുള്ള തൊഴിലാളികൾക്ക് മർദനം. കോഴിക്കോട് നാദാപുരത്താണ് സംഭവം. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്നലെ രാത്രിയാണ് പൗരത്വ നിയമത്തിനെതിരെ നാദാപുരം കല്ലാച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധ മാർച്ച് നടത്തിയത്. രാത്രി 9.30 ഓടെ മാർച്ചിൽ പങ്കെടുത്തവരുടെ ക്വാർട്ടേഴ്‌സിൽ കയറി നാല് പേരടങ്ങുന്ന സംഘം ആക്രമിച്ചുവെന്നാണ് പരാതി. ബംഗാൾ സ്വദേശികളായ ഷഫീഖ് അലി ഇസ്ലാം, ഷജാ അബ്ദുള്ള മുണ്ട, അസാദുൽ മണ്ടൽ എന്നിവർക്കാണ് പരുക്കേറ്റത്.
ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുമ്പോഴാണ് ആക്രമിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. ഇവർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നാദാപുരം പൊലീസ് കണ്ടാലറിയാവുന്ന നാലുപേർക്ക് എതിരെ ഐ പി സി 452, 323, 324 വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം ആക്രമിച്ചത് ബിജെപി പ്രവർത്തകരെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here