പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ഗവർണർ പദവിയുടെ മാന്യത പുലർത്തുന്നില്ലെന്നും നിലപാട് തുടർന്നാൽ ഗവർണറെ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള നടപടികൾ ആലോചിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു. ഗവർണർ ആർഎസ്എസിന്റെ പ്രചാരകനെപ്പോലെ പ്രവർത്തിക്കുകയാണെന്ന് എംഎം ഹസനും ആരോപിച്ചു. എന്നാൽ വിമർശനം കൊണ്ട് തന്റെ നിലപാട് മാറ്റാനാകില്ലെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.
പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയ ഗവർണറുടെ നടപടിക്കെതിരെ രൂക്ഷമായ വിമർശനമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. ഗവർണർ പദവിയുടെ മാന്യത ആരിഫ് മുഹമ്മദ് ഖാൻ പുലർത്തുന്നില്ലെന്ന് കെ മുരളീധരൻ ആരോപിച്ചു. നിലവിലെ നിലപാട് തുടർന്നാൽ ഗവർണറെ ബഹിഷ്‌കരിക്കുന്നത് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : പൗരത്വ നിയമ ഭേദഗതി; പ്രതിഷേധങ്ങളിൽ നിന്ന് കോൺഗ്രസ് ഉന്നതനേതൃത്വം വിട്ടു നിന്നതിനെ വിമർശിച്ച് ജെഡിയു നേതാവ്
കേരളത്തിൽ ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്തതിന്റെ കുറവ് നികത്താനായി ഗവർണറെ അമിത്ഷാ നിയോഗിച്ചതാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു എംഎം ഹസന്റെ ആരോപണം.
എന്നാൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. കോൺഗ്രസിനു വിമർശിക്കാൻ അവകാശമുണ്ടെന്നും എന്നാൽ ഇതു കൊണ്ടു തന്റെ നിലപാട് മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് നടക്കുന്ന കെ.കരുണാകരൻ അനുസ്മരണ യോഗത്തിൽ നിന്നും ഗവർണറെ ഒഴിവാക്കണമെന്ന് കെ.മുരളീധരൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights- Citizenship Amendment Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here