’45 വർഷമായി സിനിമയിൽ; ഇനി ഒരു ട്രാസ്ജൻഡർ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം’: രജനികാന്ത്

തനിക്ക് അഭിനയിക്കാൻ ആഗ്രഹമുള്ള കഥാപാത്രത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സ്റ്റൈൽ മന്നൻ രജനികാന്ത്. ഒരു ട്രാൻസ്ജൻഡർ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നതാണ് തൻ്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ ഏറ്റവും പുതിയ സിനിമയായ ‘ദർബാറി’ൻ്റെ ട്രെയിലർ ലോഞ്ചിങിനിടെയാണ് താരം മനസ്സു തുറന്നത്.
‘ഏകദേശം 40-45 വർഷമായി സിനിമ മേഖലയിൽ വന്നിട്ട്. 160 ൽ അധികം സിനിമകൾ ചെയ്തിട്ടുണ്ട്. എല്ലാ തരം വേഷങ്ങളും ചെയ്തു. എന്നാൽ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’- രജനീകാന്ത് പറഞ്ഞു.
അതേ സമയം, തനിക്ക് പൊലീസ് വേഷങ്ങളോട് താത്പര്യമില്ലെന്നും ദർബാറിലേത് വ്യത്യസ്തമായ പൊലീസ് വേഷമായതു കൊണ്ടാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എളുപ്പത്തിൽ സാധ്യമാകുന്ന വേഷങ്ങൾ ചെയ്യുന്നതാണ് തനിക്ക് ഇഷ്ടം. എന്നാൽ പോലീസ് ഉദ്യോഗസ്ഥന്റെ റോളുകളോട് താൽപര്യമില്ല. കാരണം അതിന് വളരെയധികം ഉത്തരവാദിത്തമുണ്ട്. എന്നാൽ എ ആർ മുരുകദോസ് തികച്ചും വ്യത്യസ്തമായ ഒരു കഥയുമായാണ് സമീപിച്ചത്. ഒരു സാധാരണ പോലീസുകാരൻ അല്ല ദർബാറിലേത്. വളരെ വ്യത്യസ്തമാണ്.’- രജനികാന്ത് പറഞ്ഞു.
എആർ മുരുഗദോസ്-രജനികാന്ത് സഖ്യം ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ദർബാർ. ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസറുടെ റോളാണ് രജനികാന്ത് അവതരിപ്പിക്കുക. 27 വർഷങ്ങൾക്കു ശേഷം രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ദർബാറിനുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പോലീസ് വേഷമണിഞ്ഞത്. നയൻതാരയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിവേദ തോമസ്, സിമ്രാന്‍, യോഗി ബാബു, തമ്പി രാമയ്യ, നവാബ് ഷാ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിൻ്റെ നിര്‍മാണത്തിൽ അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിർവഹിക്കുന്നു. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.
Story Highlights: Rajnikanth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here