ജാഗി ജോണിന്റെ മരണകാരണം തലക്കേറ്റ പരുക്കെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്

അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിന് കാരണം തലക്കേറ്റ പരുക്കെന്ന് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. സ്വയം വീണാലോ ആരെങ്കിലും തള്ളിയിട്ടാലോ സംഭവിക്കാവുന്ന മുറിവാണിതെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. അതേസമയം മരണത്തില്‍ ദുരൂഹതയില്ലെന്നാണ് വിലയിരുത്തല്‍.
കുഴഞ്ഞുവീണപ്പോള്‍ തലയ്‌ക്കേറ്റ പരുക്ക് മരണകാരണമായേക്കാമെന്നാണ് പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. തള്ളിയിട്ടതാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെങ്കിലും ദുരൂഹതയില്ലെന്ന നിലപടിലാണ് പൊലീസ്.
ഇന്നലെ വൈകുന്നേരമാണ് ജാഗി ജോണിനെ കുറവന്‍കോണത്തെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഒപ്പം താമസിച്ചിരുന്ന പ്രായമായ അമ്മ പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിിനാല്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിനായി കാക്കുകയായിരുന്നു പൊലീസ്. രാവിലെ പേരൂര്‍ക്കട പോലീസിന്റെ നേതൃത്വത്തില്‍ നടന്ന ഇന്‍ക്വസ്റ്റ് പരിശോധനയിലും മരണത്തില്‍ സംശയകരമായൊന്നുമില്ലെന്നായിരുന്നു കണ്ടെത്തല്‍. ദേഹത്ത് മറ്റ് പരിക്കൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. 22 ആം തീയതി കൊച്ചിയിലുള്ള സുഹൃത്തിനോടാണ് ജാഗി ജോണ്‍ അവസാനമായി ഫോണില്‍ സംസാരിച്ചത്. പിന്നീട് ഫോണ്‍ വിളിച്ചെങ്കിലും എടുക്കാതിരുന്നതോടെയാണ് പോലീസിനെ വിവരമറിയിച്ച ശേഷം വീട് ഇന്നലെ പരിശോധിച്ചത്. അമ്മ മാത്രമാണ് വര്‍ഷങ്ങളായി ജാഗിയോടൊപ്പം താമസിക്കുന്നത്.
Story Highlights: Postmortem Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here