മരട് ഫ്ലാറ്റ് പൊളിക്കൽ ജനുവരി 11നും 12നും

മരടിൽ തീരദേശസംരക്ഷണനിയമം ലംഘിച്ച് പണിത നാല് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സമയക്രമം നിശ്ചയിച്ചു. ഹോളി ഫെയ്‍ത്ത്, ഗോൾഡൻ കായലോരം, ആൽഫ ടവേഴ്‍സ്, ജെയ്ൻ കോറൽ കോവ് എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങളാണ് ജനുവരി 11-നും 12-ാം തീയതിയുമായി പൊളിച്ച് നീക്കുക.
ജനുവരി 11-ന് രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് എന്ന ഫ്ലാറ്റ് സമുച്ചയമാണ് ആദ്യം പൊളിക്കുക. ഇതിനായി സ്ഫോടന വസ്തുക്കൾ ഈ ഫ്ലാറ്റ് സമുച്ചയത്തിൽ നിറയ്ക്കാനുള്ള പ്രാരംഭ ജോലികൾ തുടങ്ങിയിട്ടുണ്ട്. ഇരട്ട സമുച്ചയമായ ആൽഫ സെറീൻ ടവേഴ്‍സ് പൊളിക്കാൻ പ്രത്യേക തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഇത് വിജയകരമായി പൂർത്തിയാക്കിയ ശേഷം രണ്ടാം ദിവസമേ ജെയ്ൻ കോറൽ കോവും, ഗോൾഡൻ കായലോരവും പൊളിയ്ക്കൂ. രാവിലെ 11 മണിക്ക് കോറൽ കോവ് പൊളിച്ച് നീക്കും, ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോൾഡൻ കായലോരവും നിലംപൊത്തും. സ്ഫോടനം നടക്കുന്ന ദിവസം നാല് മണിക്കൂർ മാത്രമേ സ്ഥലത്ത് നിന്ന് പരിസരവാസികൾ മാറി നിൽക്കേണ്ടതുള്ളൂ.
ഇൻഷൂറൻസ് തുക അന്തിമമാക്കിയെങ്കിലും ഏതെങ്കിലും വീടുകൾക്കോ വസ്തുക്കൾക്കോ കേടുപാടുകള്‍ സംഭവിച്ചാൽ അതിന് വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം കൂടി നൽകുമെന്നും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ആകെ ഇൻഷൂറൻസ് തുക 95 കോടി രൂപയുടേതാണ്. ജനസാന്ദ്രത കുറഞ്ഞ മേഖലയിലെ ഫ്ലാറ്റുകളായ ഗോൾഡൻ കായലോരം, ജെയ്ൻ കോറൽ എന്നിവയായിരിക്കണം ആദ്യദിവസം പൊളിക്കേണ്ടത് എന്നായിരുന്നു നാട്ടുകാരുടെ പ്രധാനആവശ്യം. എന്നാൽ ഇത് സംയുക്തസമിതി അംഗീകരിച്ചിട്ടില്ല. ആദ്യ ദിവസം പൊളിക്കുന്നത് ഹോളി ഫെയ്‍ത്ത്, ആൽഫ സെറീൻ ടവേഴ്‍സ് എന്നിവ തന്നെയാണ്.
Story Highlights: Maradu Flat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here