ചെറുവള്ളി എസ്റ്റേറ്റിൽ കുടിൽകെട്ടിയ സമരക്കാരെ പൊലീസ് ഒഴിപ്പിച്ചു

ചെറുവള്ളി എസ്റ്റേറ്റ് കയ്യേറി കുടിൽകെട്ടി പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമരക്കാരെ പൊലീസ് ഒഴിപ്പിച്ചു. ഇവർ കെട്ടിയ കുടിലുകൾ പൊലീസ് പൊളിച്ച് മാറ്റി.
എരുമേലി കരിമ്പിൻതോട് ഭാഗത്ത് നാനൂറിലധികം പേരാണ് എസ്റ്റേറ്റിൽ സമരത്തിനെത്തിയത്. അനധികൃതമായി കൈവശം വച്ചിരിക്കുന്നവരിൽ നിന്ന് എസ്റ്റേറ്റ് തിരിച്ചുപിടിച്ച് കർഷകർക്ക് നൽകണമെന്നായിരുന്നു ആവശ്യം. സമരം ആരംഭിച്ചത് പുലർച്ചെ രണ്ടരയോടെയാണ്. സാമൂഹ്യ സമത്വ ജനാധിപത്യ വേദിയാണ് നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി പരിഗണിക്കുന്ന മേഖലയിൽ സമരം നടത്തിയത്.
എസ്റ്റേറ്റിൽ കടന്ന നാനൂറോളം സമരക്കാർ വിവിധയിടങ്ങളിൽ കുടിലുകൾ കെട്ടി പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. ഹാരിസണടക്കം വൻകിട കമ്പനികൾ വലിയ തോതിൽ ഭൂമി കൈവശം വച്ചിട്ടുണ്ടെന്നും അത് സർക്കാർ തിരിച്ചുപിടിക്കുന്നില്ലെന്നും സമരക്കാർ. നിരവധി സിവിൽ കേസുകൾ നൽകിയെങ്കിലും സർക്കാർ അത് പരിഗണിക്കാതെ ഒളിച്ചുകളി നടത്തുകയാണെന്ന് ഇവർ ആരോപിക്കുന്നു.
സർക്കാർ ഇടപെടൽ ഉണ്ടാകും വരെ പ്രതിഷേധം തുടരാനായിരുന്നു് സാമൂഹ്യ സമത്വ ജനാധിപത്യ വേദിയുടെ തീരുമാനം.
cheruvalli estate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here