പൗരത്വ നിയമ ഭേദഗതി; കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ വീട് ഒഴിവാക്കി മന്ത്രിയുടെ സന്ദര്‍ശനം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ മരണപ്പെട്ട മുസ്ലിം യുവാക്കളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ വിസമ്മതിച്ച് യുപി മന്ത്രി കപില്‍ ദേവ് അഗര്‍വാള്‍. പ്രതിഷേധത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ബിജ്‌നോര്‍ ജില്ലയില്‍ എത്തിയതായിരുന്നു കപില്‍ ദേവ്. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട രണ്ട് മുസ്ലിം യുവാക്കളുടെ വീടുകള്‍ കൂടി സന്ദര്‍ശിക്കണമെന്ന ആവശ്യം മന്ത്രി നിഷേധിച്ചു.
വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ഓം രാജ് സെയ്‌നിയെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. ഇതേ പ്രദേശത്ത് തന്നെയാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട രണ്ട് മുസ്ലിം യുവാക്കളുടെ വീടുകളും സ്ഥിതി ചെയ്യുന്നത്. 20 കാരനായ സുലൈമാന്‍, ഐഎഎസ് പരിക്ഷാര്‍ത്ഥിയായ അനസ് എന്നിവരാണ് വെള്ളിയാഴ്ച ബിജ്‌നോറിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.
വിവേചനം കാണിച്ചുവെന്ന ആരോപണം മന്ത്രി നിഷേധിച്ചു. ‘കലാപമുണ്ടാക്കാന്‍ ശ്രമിച്ചവരുടെ വീടുകളിലേക്ക് ഞാന്‍ എന്തിന് പോകണം? കലാപം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ എങ്ങനെ സമൂഹത്തിന്റെ ഭാഗമാകും. ഞാന്‍ എന്തിന് അവിടെ പോകണം. ഇത് ഹിന്ദു-മുസ്ലിം എന്ന വേര്‍തിരിവല്ല, പ്രക്ഷോഭകാരികളുടെ അടുത്തേയ്ക്ക് ഞാന്‍ എന്തിന് പോകണം’ കപില്‍ ദേവ് അഗര്‍വാള്‍ ചോദിച്ചു.
അതേസമയം, ഓം രാജ് സെയ്‌നിയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് അനസിന്റെയും സുലൈമാന്റെയും വീട്ടില്‍ കൂടി സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്.
Story Highlights- Citizenship Amendment Act, Minister visits, Muslim youth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here