രാജ്യം നേരിടുന്നത് അസാധാരണ സാമ്പത്തിക മാന്ദ്യമെന്ന് മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ

ഇന്ത്യ നേരിടുന്നത് അസാധാരണ സാമ്പത്തിക മാന്ദ്യമെന്ന് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. ‘ഇറക്കുമതി, കയറ്റുമതി നിരക്ക്, വ്യവസായ വളർച്ച, ഉൽപാദന വളർച്ചാ നിരക്ക് എന്നിവയാണ് സാമ്പത്തിക സൂചകങ്ങളായി കണക്കാക്കേണ്ടത്. ഇവയെ മുൻപത്തെ മാന്ദ്യവുമായി താരതമ്യം ചെയ്യണ്ടതുണ്ട്. 2000- 2002 സാമ്പത്തിക മാന്ദ്യകാലത്ത് ജിഡിപി നിരക്ക് 4.5 ശതമാനമായിരുന്നിട്ടും ഈ സൂചകങ്ങളെല്ലാം പോസിറ്റീവ് ആയിരുന്നുവെന്ന് അദ്ദേഹം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
എന്നാൽ, ഈ നിരക്കുകളെല്ലാം നിലവിൽ താഴ്ന്ന അവസ്ഥയിലാണ്. നിലവിൽ ഇന്ത്യയിൽ നിലനിൽക്കുന്നത് അസാധാരണ സാമ്പത്തിക മാന്ദ്യമാണ്. രാജ്യത്തിന്റെ വരുമാനം, തൊഴിൽ ലഭ്യത, ആളോഹരി വരുമാനം എന്നിവയുടെ കാര്യത്തിൽ ഇന്ത്യ വളരെ പിന്നിലാണ്.
2011 നും 2016 നും ഇടയിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 2.5 ശതമാനം അധികമായി കണക്കാക്കിയതായി അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ജിഡിപി നിരക്ക് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ കൃത്യമായ സൂചകങ്ങൾ അല്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. മാത്രമല്ല, രാജ്യാന്തര തലത്തിൽ ഇക്കാര്യം വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018-19 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ഇത് 8 ശതമാനയിരുന്ന ജിഡിപി നിരക്ക് 2019-20 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here