‘ഒരാൾക്ക് ഒരു പദവി എന്നത് യൂത്ത് കോൺഗ്രസിലും ബാധകമാകണം’; യൂത്ത് കോൺഗ്രസിനെതിരെ സോണിയാ ഗാന്ധിക്ക് കത്തയച്ച് കെവി തോമസ്

എംഎൽഎമാരായ ഷാഫി പറമ്പിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും കെഎസ് ശബരിനാഥനെ വൈസ് പ്രസിഡന്റായും നിയമിക്കാനുള്ള എ, ഐ ഗ്രൂപ്പ് ധാരണയ്‌ക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് രംഗത്ത്. ഒരാൾക്ക് ഒരു പദവി എന്നത് യൂത്ത് കോൺഗ്രസിലും ബാധകമാകണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.വി തോമസ്, സോണിയ ഗാന്ധിക്ക് കത്തയച്ചു. പാർട്ടിയിൽ തനിക്ക് മാന്യമായ സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം 24 നോട് പറഞ്ഞു.
ഷാഫി പറമ്പിലിനെയും കെ.എസ് ശബരിനാഥനെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ നിയമിക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസിൽ തന്നെ കലാപക്കൊടി ഉയർന്നതിന് പിന്നാലെയാണ് കെ.വി തോമസും നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. കെപിസിസി ഭാരവാഹിത്വം പോലെ യൂത്ത് കോൺഗ്രസിലും ഒരാൾക്ക് ഒരു പദവി ബാധകമാകണം.
Read Also : ‘മുല്ലപ്പള്ളിയുടെ നേതാവ് അമിത് ഷായോ സോണിയാ ഗാന്ധിയോ’: പരിഹസിച്ച് മന്ത്രി എം എം മണി
മറിച്ചായാൽ മറ്റ് യുവാക്കളുടെ അവസരങ്ങളാണ് നിഷേധിക്കപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് കെവി തോമസ് ഹൈക്കമാൻഡിന് കത്തയച്ചു. എംപിമാരും എംഎൽഎമാരും പാർട്ടി സ്ഥാനങ്ങൾ വഹിക്കാതെ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കെവി തോമസ് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിർദേശവും അദ്ദേഹം തള്ളി. കോൺഗ്രസിലെ ഭൂരിപക്ഷം നേതാക്കന്മാർക്കും ഇതാണ് നിലപാട്. കെപിസിസി ജംബോ കമ്മിറ്റി ഒഴിവാക്കി ഉടൻ തന്നെ പുതിയ ലിസ്റ്റ് ഉണ്ടാകും. പാർട്ടിയിൽ തനിക്ക് മാന്യമായ സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.വി തോമസ് വ്യക്തമാക്കി.
Story Highlights- KV Thomas, Youth Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here