Advertisement

പദ്മരാജന്റെ ബയോപിക്ക് അണിയറയിൽ ഒരുങ്ങുന്നു; വെളിപ്പെടുത്തലുമായി മകൻ

December 26, 2019
Google News 2 minutes Read

മലയാളത്തിൻ്റെ പ്രിയപ്പെട്ട സംവിധായകൻ പദ്മരാജൻ്റെ ബയോപിക്ക് അണിയറയിൽ ഒരുങ്ങുന്നുവെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിൻ്റെ മകൻ അനന്ത പദ്മനാഭൻ. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. സിനിമയുടെ സംവിധായകൻ ആരാണെന്നോ അഭിനേതാക്കൾ ആരാണെന്നോ വെളിപ്പെടുത്താൻ അദേഹം തയ്യാറായില്ല.

നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയായാണ് പദ്മരാജൻ്റെ മകൻ രംഗത്തു വന്നത്. പൃഥ്വിരാജിൻ്റെ ചിത്രം പങ്കുവെച്ച് പദ്മരാജനുമായി അദ്ദേഹത്തിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയ ഹരീഷ് പദ്മരാജനെപ്പറ്റിയുള്ള ബയോപിക്കിൽ പൃഥ്വി ആ വേഷം അവതരിപ്പിക്കുന്നത് നന്നായിരിക്കുമെന്നും കുറിച്ചിരുന്നു. ഈ കുറിപ്പിനാണ് അനന്ത പദ്മനാഭൻ മറുപടി നൽകിയത്.

ഹരീഷ് പേരടിയുടെ പോസ്റ്റ്:

പത്മരാജൻ സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം..മകൻ അനന്തപത്മനാഭൻ മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ” മകൻ എഴുതിയ പത്മരാജൻ” എന്ന ഓർമ്മ കുറിപ്പുകൾക്ക് അനന്തൻ സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥക്ക് രൂപം നൽകിയാൽ അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓർക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നു…പൃഥിവിന്റെ അഭിനയ ജീവിതത്തിലെ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത്..മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും..

ഈ പോസ്റ്റ് പങ്കുവെച്ചു കൊണ്ട് അനന്ത പദ്മനാഭൻ എഴുതിയ കുറിപ്പ്:

ഇന്നിപ്പോൾ പ്രിയ അഭിനേതാവ് ഹരീഷ് പേരാടി എഫ്.ബി ൽ പങ്കു വെച്ച ഒരു ചിന്ത.

നന്ദി ഹരീഷ് .പക്ഷേ അത്തരമൊരു ബയോപ്പി കിന്റെ ചിന്ത ആ കുറിപ്പുകൾ വന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു കൂട്ടർ തുടങ്ങി വെച്ചു .ഞാനതിൽ ഭാഗമല്ല. നിങ്ങൾക്കും പ്രിയപ്പെട്ടവർ തന്നെ പേര് പറയുന്നില്ല ഇപ്പോൾ .

അച്ഛനെ നന്നായി അറിയുന്നവർ . .
അമ്മയുടെ ഓർമ്മക്കുറിപ്പുകൾ ആണ് അവർ അവലംബമാക്കുന്നത് .
ഈ ചിന്ത പങ്കിടാൻ വിളിച്ചപ്പോൾ Inspired from His life and Times എന്നു കൊടുത്താൽ മതി. എന്ന് ഒരു നിർദ്ദേശം നൽകി. താടി വെച്ച് ഒരു ഫാൻസി ഡ്രസ്സ് കളി ആകാതെ നോക്കണമെന്നു പറഞ്ഞപ്പോൾ അത് തന്നെയാണവരുടെയും മനസ്സിൽ.
പ്രധാന വേഷം ചെയ്യുന്ന ആൾ ആരെന്നത് സൃഷ്ടാക്കൾ തന്നെ പറഞ്ഞറിയിക്കട്ടെ.

2020ൽ തന്നെ അത് ഉണ്ട് എന്നാണ് പറഞ്ഞത് (അഛന്റെ 75 ആം പിറന്നാൾ ആണല്ലൊ വരും വർഷം) .

ശരിയാണ് ഹരീഷ് പറഞ്ഞത് ,ചിത്രത്തിൽ രാജുവിന് അഛന്റെ ഛായ ഉണ്ട് .
സ്നേഹം ,ഹരീഷ്


ക്ലാസിക് ചിത്രങ്ങളുടെ സംവിധായകനായിരുന്നു പി പദ്മരാജൻ. കഥാകൃത്ത് കൂടി ആയിരുന്ന അദ്ദേഹം 1975ൽ പ്രണയം സിനിമയിലൂടെയാണ് സിനിമാ സംവിധാനത്തിലേക്ക് തിരിഞ്ഞത്. തുടർന്ന്, ഈ തണുത്ത വെളുപ്പാൻ കാലത്ത്, സീസൺ, തൂവാനത്തുമ്പികൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ദേശാടനക്കിളി കരയാറില്ല, കൂടെവിടെ, ഒരിടത്തൊരു ഫയൽവാൻ, തകര, രതിനിർവേദം, ഞാൻ ഗന്ധർവൻ തുടങ്ങി ഒരുപിടി ക്ലാസിക്ക് സിനിമകൾ അദ്ദേഹം ഒരുക്കി. തൻ്റെ സിനിമകളിലൂടെ പ്രണയമാണ് അദ്ദേഹം പങ്കുവെച്ചത്. ഒപ്പം, പെണ്മനസ്സുകളെ മനസ്സിലാക്കാനും അദ്ദേഹം ശ്രമിച്ചു. 1991 ജനുവരിയിലാണ് അദ്ദേഹം മരണപ്പെട്ടത്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

Story Highlights: P Padmarajan, Hareesh Peradi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here