രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗുജറാത്തിന് മികച്ച ലീഡ്

രഞ്ജി ട്രോഫി മൂന്നാം റൗണ്ട് മത്സരത്തിൽ കേരളത്തിനെതിരെ ഗുജറാത്തിന് മികച്ച ലീഡ്. രണ്ടാം ദിനത്തിൽ 267 റൺസിൻ്റെ രണ്ടാം ഇന്നിംഗ്സ് ലീഡാണ് ആതിഥേയർ നേടിയത്. ആദ്യ ഇന്നിംഗ്സിൽ 57 റൺസ് ലീഡുമായി ഇറങ്ങിയ ഗുജറാത്ത് 210 റൺസെടുത്ത് എല്ലാവരും പുറത്താവുകയായിരുന്നു. ഗുജറാത്തിനു വേണ്ടി 53 റൺസെടുത്ത മൻപ്രീത് ജുനേജ ടോപ്പ് സ്കോററായി. ബേസി തമ്പി കേരളത്തിനായി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു.
സൂര്യഗ്രഹണത്തെത്തുടർന്ന് വൈകിത്തുടങ്ങിയ രണ്ടാം ദിനത്തിലും വിക്കറ്റുകൾ വേഗം കടപുഴകി. ആദ്യ ഇന്നിംഗ്സിനെക്കാൾ പോരാട്ടവീര്യം കാഴ്ച വെച്ച ഗുജറാത്തിന് സ്കോർ ബോർഡിൽ 20 റൺസുള്ളപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്. 11 റൺസെടുത്ത പ്രിയങ്ക് പഞ്ചലിനെ മോനിഷിൻ്റെ കൈകളിലെത്തിച്ച ബേസിൽ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ടി-20 ശൈലിയിൽ ബാറ്റ് വീശിയ ബി എച്ച് മെറായെ (21) ജലജ് സക്സേനയും മടക്കി അയച്ചു. റൺനെടുക്കും മുൻപ് തന്നെ ധ്രുവ് റാവലിനെ മോനിഷിൻ്റെ കൈകളിലെത്തിച്ച സന്ദീപ് വാര്യർ മത്സരത്തിലെ ആദ്യ വിക്കറ്റ് കണ്ടെത്തി. 55 റൺസിനു മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഗുജറാത്തിനായി അഞ്ചാം വിക്കറ്റിൽ ഓപ്പണർ കാതൻ ഡി പട്ടേലും മൻപ്രീത് ജുനേജയും ചേർന്ന് ദിശാബോധം നൽകി. 111 റൺസിലാണ് ഈ സഖ്യം വേർപിരിഞ്ഞത്.
ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിലുറച്ചു നിന്ന ഓപ്പണർ കാതൻ ഡി പട്ടേലിനെ സക്സേന വിഷ്ണു വിനോദിൻ്റെ കൈകളിലെത്തിച്ച് ആ കൂട്ടുകെട്ട് പൊളിച്ചു. പാർത്ഥിവ് പട്ടേൽ (14), അർധസെഞ്ചുറിയുമായി മുന്നിൽ നിന്ന് ജയിച്ച മൻപ്രീത് ജുനേജ (53), പിയുഷ് ചൗള (9) എന്നിവരെ പുറത്താക്കിയ ബേസിൽ വീണ്ടും കേരളത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പാർത്ഥിവിനെ ക്ലീൻ ബൗൾഡാക്കിയ ബേസിൽ ജുനേജയെ വിക്കറ്റിനു മുന്നിൽ കുരുക്കി. ചൗളയെ മോനിഷ് പിടികൂടി. ഇതിനിടെ 7 റൺസെടുത്ത അക്സർ പട്ടേലിനെ സ്വന്തം ബൗളിംഗിൽ സക്സേന പിടികൂടി. റൂഷ് കലാരിയയെ വിക്കറ്റിനു വിഷ്ണു വിനോദിൻ്റെ കൈകളിലെത്തിച്ച ബേസിൽ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചു. അവസാന വിക്കറ്റിൽ സിദ്ധാർത്ഥ് ദേശായിയെ കാഴ്ചക്കാരനാക്കി ചിന്തൻ ഗജ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഗുജറാത്തിന് 250നു മുകളിൽ ലീഡ് നൽകിയത്. 47 പന്തുകളിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ ഗജ 50 റൺസെടുത്ത് പുറത്താവാതെ നിന്നു. ഗജ അർധസെഞ്ചുറി കുറിച്ചതിനു പിന്നാലെ ദേശായിയെ (0) സന്ദീപ് വാര്യർ വിക്കറ്റിനു പിന്നിൽ മുഹമ്മദ് അസ്‌ഹറുദ്ദീൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
Story Highlights: Ranji Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here