എന്തുകൊണ്ട് സൂര്യഗ്രഹണം നഗ്നനേത്രങ്ങൾക്കൊണ്ട് വീക്ഷിക്കരുത്? കാരണങ്ങള്‍ അറിയാം

കേരളം ഇന്ന് വലയ സൂര്യഗ്രഹണമെന്ന വിസ്മയക്കാഴ്ചക്ക് വേദിയായി. ശാസ്ത്രലോകം നഗ്നനേത്രങ്ങൾകൊണ്ട് സൂര്യഗ്രഹണം കാണരുതെന്ന് അനുശാസിക്കുമ്പോൾ എല്ലാവർക്കുമറിയേണ്ടത് അതെന്തുകൊണ്ടാണെന്നാണ്. സൂര്യഗ്രഹണം എന്തുകൊണ്ട് നഗ്നനേത്രങ്ങൾക്കൊണ്ട് വീക്ഷിച്ചുകൂടാ? നമുക്ക് നോക്കാം,

Read Also: ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി വലയ സൂര്യഗ്രഹണം; തത്സമയ ദൃശ്യങ്ങൾ

ഗ്രഹണസമയത്ത് കണ്ണുകളിലെന്ത് സംഭവിക്കുന്നു?

 

സാധാരണ ഗതിയിൽ സൂര്യൻ തലക്ക് മീതെ എത്തുമ്പോഴാണ് രശ്മികൾ തീവ്രമാകുന്നത്. എന്നാൽ ആ സമയത്ത് സൂര്യനെ നേരിട്ട് നോക്കിയാൽ കണ്ണിലെ കൃഷ്ണമണി ചുരുങ്ങി യുവി രശ്മികൾ അധികം കയറാതെ നോക്കിക്കൊള്ളും. എന്നാൽ ഗ്രഹണ സമയത്ത് തീവ്രതയേറിയ യുവി രശ്മികൾ തുറന്ന കൃഷ്ണമണിയിലൂടെ കടന്ന് കണ്ണുകളിൽ പതിയും.

ഗ്രഹണാന്ധത

 

വിദ്ഗ്ധർ പറയുന്നത് ഈ പ്രതിഭാസത്തിനിടക്ക് നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുന്നത് കണ്ണിലെ റെറ്റിനയെ കരിയിക്കുകയും തലച്ചോറിലെ കാഴ്ച സംബന്ധിയായ ഭാഗത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ‘ഗ്രഹണാന്ധത’ (eclipse blindness) എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. താത്കാലികമോ സ്ഥിരമോ ആയ കാഴ്ച നഷ്ടം ഇതുണ്ടാക്കിയേക്കാം.

സൂര്യനെ എത്ര നേരം നോക്കിയെന്നതനുസരിച്ചിരിക്കും കാഴ്ച നഷ്ടത്തിന്റെ തീവ്രത. റെറ്റിനയിൽ വേദന റിസെപ്‌റ്റേഴ്‌സ് ഇല്ലാത്തതിനാൽ ആദ്യമൊന്നും ആ ഭാഗത്തെ പരുക്ക് മനസിലാക്കാൻ സാധിക്കില്ല. കാനഡയിലെ ഒപ്‌റ്റോമെട്രി വിദഗ്ധനായ ഡോ. റാൽഫ് ചോയുടെ പറയുന്നത് സൂര്യഗ്രഹണം കണ്ട് 12 മണിക്കൂറിന് ശേഷമായിരിക്കും കാഴ്ചക്കുറവ് ആളുകൾ മനസിലാക്കുകയെന്നാണ്.

കണ്ണാടിയിൽ മുഖം നോക്കാനോ, മൊബൈലിലെ ചെറിയ അക്ഷരങ്ങൾ കാണാനോ സാധിക്കില്ല. റോഡിലെ ട്രാഫിക് ചിഹ്നങ്ങൾ കാണാൻ വരെ സാധിക്കാത്ത വിധം കാഴ്ചക്കുറവ് വരാം. ഇനി പരുക്ക് ഭേദമാവുകയാണെങ്കിൽ തന്നെ മൂന്ന് മാസത്തിന് ശേഷം മാത്രമേ അതിന് സാധ്യതയുള്ളൂ. (കടപ്പാട്: www.time.com)

ഗ്രഹണസമയത്ത് വരുന്ന അൾട്രാവയലറ്റ് (യുവി) രശ്മികൾ ഭാഗികമായി കാഴ്ച നഷ്ടപ്പെടുത്തുമെന്നും ഇതിന് ചികിത്സയില്ലെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു. അതുകൊണ്ട് തന്നെ കൂളിംഗ് ഗ്ലാസ്, എക്‌സ്‌റേ ഫിലിം എന്നിവ ഉപയോഗിച്ച് സൂര്യഗ്രഹണം കാണരുത്. യാതൊരു കാരണംകൊണ്ടും ബൈനോക്കുലർ, ടെലിസ്‌കോപ്പ്, കാമറ എന്നിവയിലൂടെ നേരിട്ടും സൂര്യനെ നോക്കരുത്. ഇവയുടെ ശക്തിയേറിയ ലെൻസുകൾ കൂടുതൽ യുവി രശ്മികൾ കണ്ണിലേക്ക് കടത്തിവിടും.

എങ്ങനെ ഗ്രഹണ സമയത്ത് സൂര്യനെ നോക്കാം?

 

ഐഎസ്ഒ- 12312-2 ഗ്രേഡ് ഉള്ള സോളാർ ഫിൽറ്റർ കണ്ണടകൾ ഉണ്ടെങ്കിൽ മാത്രമേ ഗ്രഹണം നേരിട്ട് കാണാൻ പാടുള്ളൂ. 99.99 ശതമാനം സൂര്യരശ്മികളെ ഇവ പ്രതിരോധിക്കും. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കണ്ണടകൾ ഉപയോഗിക്കുന്നത് പ്രശ്‌നമുണ്ടാക്കും.

 

 

solar eclipse‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More