Advertisement

പൗരത്വ നിയമഭേദഗതി; കേരളാ ഗവർണറുടെ നിലപാട് നൂറ് ശതമാനം ശരിയാണെന്ന് പിഎസ് ശ്രീധരൻ പിള്ള

December 28, 2019
Google News 2 minutes Read

പൗരത്വ ഭേദഗതി വിഷയത്തിൽ കേരള ഗവർണറുടെ നിലപാട് നൂറ് ശതമാനം ശരിയാണെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരാണെന്ന് പറയാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിന്റെ പേരിൽ മറ്റൊരു സംസ്ഥാനത്തും ഗവർണർമാരെ വഴി തടഞ്ഞിട്ടില്ല. ആരിഫ് മുഹമ്മദ് ഖാനെയും, നജ്മ ഹെപ്തുള്ളയുമൊക്കെ തടയാൻ മലയാളിക്ക് കൊമ്പുണ്ടോയെന്നും പി.എസ്.ശ്രീധരൻപിള്ള ചോദിച്ചു.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പി.എസ്.ശ്രീധരൻ പിള്ളയുടെ ‘എഴുത്ത് ‘ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, കണ്ണൂർ സർവകലാശാലയിൽ നടന്ന ദേശീയ ചരിത്ര കോൺഗ്രസിൻ്റെ ഉദ്ഘാടന വേദിയിൽ ഗവർണർക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ സർവകലാശാല വൈസ് ചാൻസിലറെ ഗവർണർ വിളിപ്പിച്ചിരുന്നു. ചടങ്ങിന്റെ മുഴുവൻ വീഡിയോ ദൃശ്യങ്ങളുമായി കണ്ണൂർ ഗസ്റ്റ് ഹൗസിലെത്താൻ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് ഗവർണർ നിർദേശം നൽകി.

കണ്ണൂർ സർവകലാശാല ആതിഥ്യം വഹിക്കുന്ന ദേശീയ ചരിത്ര കോൺഗ്രസിന്റെ എൺപതാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്. ഗവർണറുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ആയിരുന്നു പ്രതിഷേധം. ചരിത്ര കോൺഗ്രസ് പ്രതിനിധികൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു.

പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ വേദിയിൽ ഗവർണർ ക്ഷുഭിതനായി. പ്രതിഷേധം കൊണ്ട് തന്നെ നിശബ്ദനാക്കാൻ ആകില്ലെന്നും ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും അനുകൂലിക്കില്ലെന്നും ഗവർണർ പറഞ്ഞു.

Story Highlights: PS Sreedharan Pillai, CAA, NRC, Arif Mohammed Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here