രാജ്യത്തു നിന്ന് ഇസ്ലാം തുടച്ചു നീക്കാനൊരുങ്ങി ചൈന; അഞ്ചു ലക്ഷം കുട്ടികളെ ബോർഡിംഗ് സ്കൂളിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്

രാജ്യത്തു നിന്ന് ഇസ്ലാം മതം തുടച്ചു നീക്കാനൊരുങ്ങി ചൈന. ന്യൂയോർക്ക് ടൈംസാണ് ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലുള്ള ഉയ്ഗൂര്‍ മുസ്ലിം കുടുംബങ്ങള്‍ അനുഭവിക്കുന്ന അതിക്രൂര പീഡനങ്ങളെപ്പറ്റി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ഉയ്ഗൂർ മുസ്ലിങ്ങളുടെ മക്കൾ ഇസ്ലാമിനെപ്പറ്റി പഠിക്കാതിരിക്കുന്നതിനായി ചൈനീസ് ഭരണകൂടം ഇവരെ പ്രത്യേക ബോർഡിംഗ് സ്കൂളുകളിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഏകദേശം അഞ്ചു ലക്ഷത്തോളം കുട്ടികൾ ഇപ്പോൾ ഇത്തരം ബോർഡിംഗ് സ്കൂളുകളിലുണ്ടെന്നാണ് ന്യൂയോർക്ക് ടൈംസ് വിശദീകരിക്കുന്നത്.
മതപരമായ സകല പാഠങ്ങളും ഒഴിവാക്കി കമ്യൂണിസ്റ്റ് ആശയങ്ങളിലൂന്നിയ പഠനം മാത്രമാണ് ഇത്തരം ബോർഡിംഗ് സ്കൂളുകളിലുള്ളത്. സ്കൂളുകൾ കനത്ത സുരക്ഷയിലാണ്. ആരെയും സ്കൂളുകളിലേക്ക് പ്രവേശിപ്പിക്കില്ല. ചൈനീസ് സർക്കാരിൻ്റെ വെബ്സൈറ്റിൽ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. സിൻജിയാങിലെ ഓരോ ടൗൺഷിപ്പിലും രണ്ട് വീതം ബോർഡിംഗ് സ്കൂളുകൾ സ്ഥാപിച്ച് കുട്ടികളെ അവിടേക്ക് മാറ്റാനാണ് ഭരണകൂടം ഒരുങ്ങുന്നത്. സിൻജിയാങ്ങിൽ 800 ടൗൺഷിപ്പുകളാണ് ഉള്ളത്. അടുത്ത വർഷം അവസാനത്തോടെ സ്കൂൾ നിർമ്മാണം പൂർത്തിയാക്കി ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ഈ സ്കൂളുകളിൽ ചേർക്കണമെന്നാണ് സർക്കാരിൻ്റെ തീരുമാനം.
ഉയഗൂർ മുസ്ലിം കുട്ടികളെ രക്ഷിതാക്കളിൽ നിന്ന് അകറ്റണമെന്ന് 2017ൽ പുറത്തുവിട്ട ആസൂത്രണ രേഖയിൽ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പുതിയ നീക്കങ്ങൾ. എന്നാൽ, വർഗീയത തടയാനാണ് ഇത്തരം സ്കൂളുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് ചൈനീസ് ഭരണകൂടം അവകാശപ്പെടുന്നു. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾ മൂലം മക്കളുടെ പഠനം താറുമാറാകുന്നുണ്ടെന്നും ഇതിനുള്ള പരിഹാരമാണ് സർക്കാർ ചെയ്യുന്നതെന്നും ചൈന പറയുന്നു. ദാരിദ്ര്യം മൂലം പഠനം തടസ്സപ്പെടാതിരിക്കലും തങ്ങളുടെ ലക്ഷ്യമാണെന്ന് ചൈന പറയുന്നു.
സിന്‍ജിയാങ്ങിൽ ഉയ്ഗൂര്‍, കസാഖ് വിഭാഗത്തില്‍പ്പെട്ട 10 ലക്ഷത്തോളം മുസ്ലിങ്ങളെ കഴിഞ്ഞ മൂന്ന് വർഷമായി ചൈന തടവിലിട്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. ഉയ്ഗൂർ വിഭാഗത്തിൽ പെട്ട അധ്യാപകരും വിദ്യാസമ്പന്നരും അടക്കമുള്ളവർ തടവിലാണ്. ഉയ്ഗൂർ മുസ്ലിങ്ങളെ മതപരമായ ചട്ടക്കൂടിൽ നിന്ന് അകറ്റുകയാണ് ലക്ഷ്യം.
ആഗോള തലത്തിലുള്ള മനുഷ്യാവകാശ സംഘടനകളൊക്കെ ചൈനീസ് ഭരണകൂടത്തിൻ്റെ നിലപാട് ചോദ്യം ചെയ്തെങ്കിലും അതൊക്കെ ചൈന തട്ടിക്കളയുകയാണ്.
Story Highlights: Uyghur Muslims, China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here