ഗ്ലിസറിൻ വേണ്ടി വന്നില്ല; ലച്ചുവിന്റെ കല്യാണത്തിന് ശരിക്കും കരഞ്ഞു പോയി: ബിജു സോപാനം
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന സിറ്റ്കോമിലെ ഒരു കല്യാണം. ശരിക്കും ലച്ചുവിൻ്റെ കല്യാണം കഴിഞ്ഞോ എന്ന തരത്തിലുള്ള ചർച്ചകളും ചോദ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ലച്ചു അഥവാ ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി രുസ്തഗി തൻ്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തു വരികയും ചെയ്തിരുന്നു.
രണ്ട് എപ്പിസോഡുകളായി സംപ്രേഷണം ചെയ്ത ലച്ചുവിൻ്റെ കല്യാണം ശരിക്കും ഒരു കല്യാണത്തിൻ്റെ പ്രതീതി ഉണ്ടാക്കിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കല്യാണച്ചടങ്ങിനു ശേഷം ലച്ചുവിനോട് സംസാരിക്കുന്ന ബാലു (ബിജു സോപാനം) കരയുന്ന ഒരു സീനുണ്ടായിരുന്നു പരമ്പരയിൽ. തൻ്റെ മകളെ വിവാഹം കഴിപ്പിച്ചയക്കുമ്പോൾ ഒരു അച്ഛൻ അനുഭവിക്കുന്ന വൈകാരിക പരിസരങ്ങളെ ഗംഭീരമായി അടയാളപ്പെടുത്തിയ ഈ രംഗം ഏറെ മികച്ചതായിരുന്നു എന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഈ ദൃശ്യത്തിൽ താൻ ശരിക്കും കരഞ്ഞു പോയതാണെന്നും ഗ്ലിസറിൻ ഉപയോഗിക്കേണ്ടി വന്നില്ലെന്നുമാണ് ബിജു സോപാനം വെളിപ്പെടുത്തിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജു മനസു തുറന്നത്.
കരയുക എന്നത് തിരക്കഥയിൽ ഇല്ലായിരുന്നു എന്നും ലച്ചുവിന് ഉപദേശം നൽകാൻ മാത്രമായിരുന്നു ഉദ്ദേശമെന്നും ബിജു പറഞ്ഞു. പക്ഷേ, ആ സീനിൽ കണ്ണുനീർ നിയന്ത്രിക്കാനായില്ല. ഇവർ സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും മക്കളാണ്. അച്ഛനെന്നു തന്നെയാണ് അവരൊക്കെ വിളിക്കുന്നത്. സ്വന്തം മകളുടെ വിവാഹം നടക്കുന്ന ഒരു അച്ഛൻ്റെ വൈകാരിക സമീപനമാണ് തനിക്കുണ്ടായത്. അതു കൊണ്ട് കരഞ്ഞു പോയതാണെന്ന് ബിജു പറയുന്നു.
കല്യാണം കഴിഞ്ഞ് വരനൊപ്പം ഇറങ്ങുന്നതിനു മുൻപ് ലച്ചുവിനെ മാറ്റി നിർത്തിയായിരുന്നു ബാലുവിൻ്റെ സംസാരം. കുടുംബത്തിനു വേണ്ടി അമ്മ നീലു (നിഷ സാരംഗ്) അനുഭവിക്കുന്ന കഷ്ടപ്പാടുകളെപ്പറ്റി സംസാരിച്ച ബാലു അതൊന്നും മറക്കാൻ പാടില്ലെന്ന് ലച്ചുവിനെ ഉപദേശിച്ചു. ഈ സംസാരത്തിനിടെയാണ് ബാലു കരഞ്ഞത്.
Story Highlights: Uppum Mulakum, Biju Sopanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here