മലപ്പുറത്ത് ആയിഷ റെന്നയെ തടഞ്ഞ സംഭവം; സിപിഐഎമ്മിനെതിരെ കെ മുരളീധരൻ

മലപ്പുറത്ത് പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ജാമിഅ മില്ലിയ സർവകലാശാല വിദ്യാർത്ഥിനി ആയിഷ റെന്നയെ തടഞ്ഞ സംഭവത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി കെ മുരളീധരൻ എം പി. വടക്കേ ഇന്ത്യയിൽ ആർഎസ്എസ് ചെയ്യുന്നതാണ് മലപ്പുറത്ത് സിപിഐഎം ചെയ്തതെന്ന് മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
സംഘി മുഖ്യമന്ത്രിമാർ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ചെയ്യരുതെന്ന് പറഞ്ഞതിനാണ് ആയിഷ റെന്നയോട് വീട്ടിലിരിക്കാൻ പറഞ്ഞത്. മുയലിനോടൊപ്പം ഓടുകയും, വേട്ടപ്പട്ടിയോടൊപ്പം നിൽക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും കെ മുരളീധരൻ പറഞ്ഞു.
പ്രതിഷേധങ്ങളെ അടിച്ചമർത്തി പിണറായി സർക്കാർ ജയിലിൽ അടച്ച വിദ്യാർത്ഥികളെ വിട്ടയക്കണം എന്ന ആയിഷയുടെ വാക്കുകളായിരുന്നു സിപിഐഎമ്മിനെ പ്രകോപിപ്പിച്ചത്. ആയിഷ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകർ വേദിക്ക് പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു.
താൻ പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണെന്ന് ആയിഷ പറഞ്ഞപ്പോൾ, നിന്റെ അഭിപ്രായം വീട്ടിൽ പോയി പറഞ്ഞാ മതി എന്നായിരുന്നു സിപിഐഎം പ്രവർത്തകർ പറഞ്ഞത്.’ ഇതോടെ രംഗം വഷളാകുകയും ആയിഷ വേദി വിടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here