കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആർഎസ്എസ്-ഡിവൈഎഫ്‌ഐ സംഘർഷം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആർഎസ്എസ്-ഡിവൈഎഫ്‌ഐ സംഘർഷം. പുരുഷന്മാർ വനിതാ വാർഡിൽ പ്രവേശിച്ച് ശല്യം ചെയ്തു എന്ന തർക്കമാണ് രാഷ്ട്രീയ സംഘർഷത്തിലേക്ക് എത്തിയത്. സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രിയിൽ ആശുപത്രിയിലെ ഫീമെയിൽ വാർഡിൽ ആർഎസ്എസ് പ്രവർത്തകരായ പ്രദീപും പ്രമോദും പ്രവേശിച്ചിതിനെച്ചൊല്ലിയുള്ള തർക്കമാണ് പിന്നീട് രാഷ്ട്രീയ സംഘർഷത്തിലെത്തിയത്. പ്രദീപിന്റെ ഭാര്യയെ പ്രവേശിപ്പിച്ചിരുന്ന സ്ത്രീകളുടെ വാർഡിൽ രാത്രിയിൽ പ്രദീപും ജ്യേഷ്ഠൻ പ്രമോദും കയറിയതാണ് പ്രകോപനത്തിനിടയാക്കിയത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരും ചേർന്ന് ഇവരെ പുറത്താക്കി. എന്നാൽ തങ്ങളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ചേർന്ന് മർദിച്ചതായി പ്രദീപും പ്രമോദും പറയുന്നു.
ഇതിനെ തുടർന്ന് സംഘടിച്ചെത്തിയ ആർഎസ്എസ് പ്രവർത്തകർ ഡിവൈഎഫ്‌ഐ വില്ലേജ് ഭാരവാഹിയായ ഫൈസലിനെ മർദിക്കുകയായിരുന്നു. സ്ത്രീകളെ ശല്യം ചെയ്യുകയും മനപൂർവം ആശുപത്രി പരിസരം ആർഎസ്എസ് പ്രവർത്തകർ സംഘർഷഭരിതമാക്കുകയും ചെയ്തതായി ഡിവൈഎഫ്‌ഐ ആരോപിച്ചു.
ആക്രമണത്തിൽ പരുക്കേറ്റ ആർഎസ്എസ് പ്രവർത്തകരായ പാണ്ടിത്തിട്ട സ്വദേശി പ്രദീപ് തലവൂർ സ്വദേശി പ്രമോദ് ഡിവൈഎഫ്‌ഐ വില്ലേജ് ഭാരവാഹി ഫൈസൽ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമി സംഘത്തിൽപ്പെട്ട ഒരാളെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here