Advertisement

മലയാള സിനിമയിൽ ‘പെണ്ണിടം’ അടയാളപ്പെടുത്തിയ 2019

January 1, 2020
Google News 2 minutes Read

2019 മലയാള സിനിമയെ സംബന്ധിച്ച് പ്രത്യാശ നൽകുന്ന ചില മാറ്റങ്ങളുണ്ടാക്കിയ വർഷമായിരുന്നു. എല്ലാ കൊല്ലത്തെയും പോലെ പണക്കണക്കിൽ നഷ്ടമാണ് മിച്ചമെങ്കിലും സിനിമാക്കാരുടെയും പ്രേക്ഷകരുടെയും ചിന്തകൾക്ക് കുറേയേറെ തെളിച്ചം വരികയും സിനിമകൾ പൊളിറ്റിക്കലി കറക്ടാവുകയും ചെയ്തു കൊണ്ടിരുന്ന വർഷമാണ് കഴിഞ്ഞു പോകുന്നത്. അതോടൊപ്പം ക്ലീഷേ സങ്കല്പങ്ങളെ മാറ്റി നിർത്തി ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഓൺ സ്ക്രീനിൽ (ഓഫ് സ്ക്രീനിലും) സാന്നിധ്യമറിയിച്ച വർഷം കൂടിയായിരുന്നു 2019.

ഫെബ്രുവരി ഏഴിന് കുമ്പളങ്ങി നൈറ്റ്സ് മുതലാണ് ഇക്കൊല്ലം മലയാള സിനിമയിൽ സ്ത്രീ ശബ്ദമുയർത്തിത്തുടങ്ങിയതും നടപ്പു രീതികളിൽ നിന്ന് മാറി ചിന്തിക്കാൻ തുടങ്ങിയതും. ‘ബേബി മോളെ ഡീ എന്ന് വിളിക്കരുതെന്നും ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദക്ക് സംസാരിക്കണം’ എന്നും ഭർത്താവിന് മുന്നറിയിപ്പു നൽകിയ ഗ്രേസ് ആൻ്റണിയുടെ സിമി ആയിരുന്നു ഇക്കൊല്ലം ആദ്യമായി പുരുഷ ബോധത്തിൻ്റെ നെറുകം തലയിൽ കനത്ത താഡനം ഏല്പിച്ചത്. ബേബി മോളും നൈലയുമടക്കം കട്ടക്ക് നിൽക്കുന്ന ഒരുപിടി സ്ത്രീകഥാപാത്രങ്ങൾ കൂടി ഉൾക്കൊണ്ട കുമ്പളങ്ങിക്കു ശേഷമാണ് ജൂൺ എത്തുന്നത്.

രജിഷ വിജയൻ ജൂണായി തകർത്തഭിനയിച്ച സിനിമയിൽ ജൂൺ എന്ന കഥാപാത്രത്തിൻ്റെ കരുത്താണ് ചർച്ച ചെയ്യേണ്ടത്. ജൂൺ ചെറുപ്പത്തിൽ വളർന്നു വരുന്നത് അരക്ഷിതാവസ്ഥകളിൽ നിന്നാണ്. സ്വന്തം ജീവിതാനുഭവങ്ങളിലൂടെ വളർന്നു വരുന്ന അവൾ നോയലിനെ പ്രണയിക്കുമ്പോഴും അരക്ഷിതാവസ്ഥയിൽ നിന്ന് പുറത്തു കടന്നില്ല. അത് ബ്രേക്കപ്പായി കോളജ് പഠനം കഴിഞ്ഞ് ജോലിയാകുമ്പോൾ വീണ്ടും നോയലിനെ പ്രണയിക്കുകയും ബ്രേക്കപ്പാവുകയും ചെയ്യുന്നു. വീണ്ടും ആനന്ദിനെ പ്രണയിച്ച് അതും ബ്രേക്കപ്പിൽ അവസാനിക്കുന്നു. ഒടുവിൽ അലക്സിനെ വിവാഹം കഴിക്കുന്നു. ഒന്നോ രണ്ടോ പ്രണയങ്ങളുണ്ടായാൽ ‘മോശം സ്ത്രീ’ എന്ന് മുദ്ര കുത്തുന്ന സമൂഹത്തിൽ ഇത്തരം ബ്രേക്കപ്പുകൾക്ക് വലിയ സ്വാധീനം ചെലുത്താനാവും. പബിൽ വെച്ച് തന്നോട് മോശമായി പെരുമാറുന്നയാളെ തല്ലി പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്ന ജൂൺ അവളുടെ പരിണാമത്തിൻ്റെ അടയാളമായി.

അടുത്തതായി പട്ടികയിലേക്കെത്തുന്നത് ‘ഉയരെ’യും ഉയരെയിലെ പല്ലവിയുമാണ്. സിനിമ തിരഞ്ഞെടുക്കുന്നതിൽ പാർവതി എന്ന അഭിനേത്രി പുലർത്തുന്ന സാമൂഹ്യ പ്രതിബദ്ധത ഒരിക്കൽ കൂടി വിളിച്ചറിയിച്ച സിനിമ. ജീവിതം തകർത്തു കളഞ്ഞേക്കാവുന്ന ഒരു അപകടത്തിൽ നിന്ന് രക്ഷ നേടി പല്ലവി സ്വയം പര്യാപ്തയാവുന്ന സന്തോഷത്തോടൊപ്പം പ്രകടമായ പുരുഷമേധാവിത്വത്തിനു നേരെയും സിനിമ വിരൽ ചൂണ്ടുന്നുണ്ട്. സ്ത്രീ-പുരുഷന്മാരുടെ കക്കൂസുകളുടെ വാതിലിൽ വ്യത്യസ്തമായ സന്ദേശങ്ങൾ ഉപയോഗിച്ചത് ഒരു പുരുഷൻ തന്നെ ആയിരിക്കണമല്ലോ എന്ന പല്ലവിയുടെ പ്രസ്താവന അത്തരത്തിലുള്ള ഒന്നായിരുന്നു. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ടോക്സിക് മാസ്കുലിനിറ്റിയുടെ പരിധിയിൽ പെടുത്താവുന്ന, ആരോഗ്യകരമായ ഒരു ബ്രേക്കപ്പ് പോലും സ്ത്രീക്ക് നൽകാതെ അവളുടെ നേർക്ക് ആസിഡ് ആക്രമണം നടത്തുന്ന ഗോവിന്ദും ഇത്തരത്തിൽ സമൂഹത്തോട് സംവദിക്കുന്ന ദൃശ്യങ്ങളാണ്.

അടുത്ത മാസം ‘പ്രണയ കഥയല്ലെ’ന്ന് സ്വയം അവകാശപ്പെട്ട് ഇഷ്ഖ് ഇറങ്ങി. സിനിമയിൽ ആൻ ശീതൾ അവതരിപ്പിച്ച വസുധ ഒരു കരുത്തയായ സ്ത്രീയാണെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നത് ക്ലൈമാക്സിൽ മാത്രമാണ്. അതുവരെ വസുധ ഏറേക്കുറെ തൻ്റെ കാമുകനായ സച്ചിയുടെ ചരടിൽ തന്നെയാണ്. വസുധക്കപ്പുറം സിനിമ സംസാരിക്കുന്ന വിഷയം, സദാചാര പൊലീസിങും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമവുമൊക്കെ അവസാനിക്കുന്നത് വസുധ സ്കോർ ചെയ്യുന്ന ക്ലൈമാക്സിലാണ്.

ഒട്ടും തമാശയല്ലാത്ത തമാശ ജൂണിലാണ് തീയറ്ററിലെത്തിയത്. സ്ത്രീയുടെയും പുരുഷൻ്റെയും ഭാഗത്തു നിന്ന് സിനിമ സംസാരിക്കുന്നുണ്ടെങ്കിലും ബ്രേക്കപ്പ് കേക്ക് കഴിച്ച് ആഘോഷിച്ച ചിന്നുവാണ് സിനിമയെ ഡ്രൈവ് ചെയ്തത്. തടിച്ച ശരീര പ്രകൃതി ഒരു കുറവാണെന്ന് ചിന്തിക്കാതെ ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ചിന്നുവാണ് കഷണ്ടിയുടെ പേരിൽ നിരന്തരം ശോകം അടിക്കുന്ന ശ്രീനിവാസന് പ്രചോദനമാകുന്നത്. ബിനാലെയിൽ വെച്ച് എടുക്കുന്ന സെൽഫി ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യുമ്പോൾ വരുന്ന നെഗറ്റീവ് കമൻ്റുകളോട് ‘പോടാ പുല്ലേ’ എന്ന ഭാവം സ്വീകരിക്കുന്ന ചിന്നുവാണ് സ്കോർ ചെയ്യുന്നത്. ശ്രീനിവാസനാവട്ടെ ആ ചിത്രം ഡിലീറ്റാക്കണമെന്ന് നിർബന്ധം പിടിക്കുകയാണ്. അങ്ങനെയങ്ങനെ ചിന്നുവിനെയും സമൂഹത്തിനെയും കൃത്യമായി മനസ്സിലാക്കുന്ന ശ്രീനിവാസനും ഫലൂദ ഇഷ്ടപ്പെടുന്ന ചിന്നുവും ചേർന്ന് തമാശ കിടുവാക്കി.

ഏറ്റവും ഒടുവിലാണ് പ്രതി പൂവൻകോഴി എത്തിയത്. ചിത്രം ഇപ്പോഴും തീയറ്ററിൽ പ്രദർശനം തുടരുന്നതു കൊണ്ട് ഏറെയൊന്നും പറയുന്നില്ല. പക്ഷേ, തിരിച്ചു വരവിൽ ശക്തമായ സ്ത്രീപക്ഷ കഥാപാത്രങ്ങൾ ചെയ്ത മഞ്ജു വാര്യരുടെ മറ്റൊരു ഗംഭീര പ്രകടനമാണ് സിനിമയിലുള്ളത്. പ്രതി പൂവൻ കോഴിയാണെന്ന് തിരിച്ചറിഞ്ഞ് മാധുരി എന്ന പെണ്ണ് നടത്തുന്ന പ്രതികാരത്തിൻ്റെ കഥയാണ് ഈ ചിത്രം.

ഏപ്രിലിൽ പുറത്തിറങ്ങിയ അതിരനിലെ നിത്യ ലക്ഷ്മി (സായ് പല്ലവി), സെപ്തംബർ റിലീസായി തീയറ്ററുകളിലെത്തിയ ഫൈനൽസിലെ ആലിസ് വർഗീസ് (രജിഷ വിജയൻ), നവംബറിൽ പുറത്തിറങ്ങിയ ഹെലനിലെ ഹെലൻ (അന്ന ബെൻ) തുടങ്ങിയ സിനിമകളൊക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ കരുത്തരായ സ്ത്രീകളെ അടയാളപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. അതിരനിലെ നിത്യ ലക്ഷ്മി സൈക്കോസിസിൻ്റെ അവസ്ഥാന്തരങ്ങളിലൂടെ അതിഗംഭീരമായാണ് സഞ്ചരിച്ചത്. ഫൈനൽസിൽ രജിഷക്കൊപ്പം സുരാജ് വെഞ്ഞാറമൂട് കൂടി സിനിമയിൽ ഗംഭീര പ്രകടനം കാഴ്ച വെച്ചു. പൊളിറ്റിക്കൽ ചർച്ചകളൊന്നും സിനിമ സംസാരിച്ചില്ലെങ്കിലും രജിഷയിലെ ആലീസ് വർഗീസ് എന്ന സൈക്ലിസ്റ്റ് കരുത്തയായ സ്ത്രീകളുടെ പ്രതീകമായി നിലകൊണ്ടു. ഹെലനും ഇങ്ങനെ തന്നെയായിരുന്നു. സർവൈവൽ ത്രില്ലറായി നവംബറിൽ പുറത്തിറങ്ങിയ ചിത്രം അന്ന ബെൻ എന്ന അഭിനേത്രിയെ ഒരു തവണ കൂടി അടയാളപ്പെടുത്തി.

Story Highlights: 24 Round up, Malayalam Movies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here