ഭരണഘടനാ സാധുതയില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രമേയത്തിന് ഭരണഘടനാ സാധുതയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രമേയം പാസാക്കാന്‍ ഉപദേശിച്ചത് ചരിത്ര കോണ്‍ഗ്രസ് ആവാമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയില്‍ പെട്ട കാര്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണ് പ്രമേയമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

കേന്ദ്രം പാസാക്കിയ നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല. കേരളത്തില്‍ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. പൗരത്വ നിയമ ഭേദഗതി നിയമത്തെ അനുകൂലിച്ച ഗവര്‍ണറുടെ നിലപാടിനെതിരെ സംസ്ഥാനത്തുടനീളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിനിധികള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങുകയായിരുന്നു.

Story Highlights- Governor,resolution, Kerala Assembly, Citizenship Amendment Act 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top