കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ; പുതുമുഖങ്ങൾ പരിഗണനയിൽ

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടൻ. പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുള്ള പുനസംഘടനയാകും നടക്കുക. ജനുവരി 29 ന് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന യാഥാർത്ഥ്യമാക്കാനാണ് ശ്രമം. അതൃപ്തരായ ഘടക കക്ഷികളെ അനുനയിപ്പിക്കുക, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുക എന്ന ഫോർമുലയുടെ അടിസ്ഥാനത്തിലാകും പുനഃസംഘടന.
രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ പുനഃസംഘടനയിൽ ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കും. നിതിഷ്‌കുമാറിന്റെ വിശ്വസ്തനായ രാം ചന്ദ്ര പ്രസദ് സിംഗ് ആകും ജെഡിയുവിന്റെ ക്യാബിനറ്റ് മന്ത്രി. പാർട്ടിക്ക് ലഭിക്കുന്ന സഹമന്ത്രിസ്ഥാനത്ത് ലോക്‌സഭാംഗമായ രാജിവ് രഞ്ജൻ സിംഗ് എത്തും. രണ്ട് ക്യാബിനെറ്റ് മന്ത്രിമാരെയും രണ്ട് സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരെയും 6 ൽ താഴെ സഹമന്ത്രിമാരെയും നിയോഗിക്കാനാണ് ബിജെപിയിൽ ധാരണ ആയിട്ടുള്ളത്.
അമിത്ഷായുടെ വിശ്വസ്തനായ ബൂപേന്ദ്രയാദവ് അടക്കമുള്ളവരാകും ബിജെപിയിൽ നിന്ന് മന്ത്രിസഭയിൽ എത്തുക. മലയാളിയായ ഒരാൾക്കും പ്രാതിനിധ്യം ലഭിക്കും. സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖരൻ തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. സംസ്ഥാന അധ്യക്ഷ പദവിയിൽ നിയോഗിക്കപ്പെട്ടില്ലെങ്കിൽ കുമ്മനം രാജശേഖരൻ ആകും മന്ത്രിപദവിയിൽ എത്തുക. കർണാടകത്തിൽ നിന്നും ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ കുമ്മനത്തെ രാജ്യസഭയിൽ എത്തിക്കാനാകും തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here