‘ആതിഥേയ സംസ്കാരത്തിന്റെ ഉന്നത നിലവാരം പുലർത്തേണ്ടത് ഗവർണർ, വീഴ്ച മുഖ്യമന്ത്രിയുടെ ഭാഗത്തല്ല, ഗവർണറുടെ ഭാഗത്ത്’; മന്ത്രി വി എൻ വാസവൻ

രൂക്ഷമായി വിമർശിച്ച് മന്ത്രി വി എൻ വാസവൻ. മുഖ്യമന്ത്രിയ്ക്ക് നേരെ മുഖംതിരിച്ച് നിന്ന ഗവർണറുടെ ഭാഗത്താണ് വീഴ്ചയെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. മുഖ്യമന്ത്രിക്കു നേരെ മുഖം തിരിച്ച് ഒന്നും സംസാരിക്കാതെ ഗവർണർ ചാടിയിറങ്ങിപ്പോയി. ആതിഥേയ സംസ്കാരത്തിന്റെ ഉന്നത നിലവാരം പുലർത്തേണ്ടത് ഗവർണർ ആണ്. ഈ സമീപനം ആരിഫ് മുഹമ്മദ് ഖാന് യോജിച്ചതാകാം പക്ഷേ ഗവർണർക്ക് യോജിച്ചതല്ലെന്നും മന്ത്രി വി എൻ വാസവൻ കുറ്റപ്പെടുത്തി. ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ സാമാന്യ മര്യാദ പാലിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. (Minister V N Vasavan against Governor Arif mohammad khan)
മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്നലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലാണ് ഗവർണർ-സർക്കാർ പോര് വ്യക്തമായി പ്രതിഫലിച്ചത്. ഗവർണറും മുഖ്യമന്ത്രിയും പരസ്പരം നോക്കാതിരിക്കുകയും അഭിവാദ്യം ചെയ്യാതിരിക്കുകയുമായിരുന്നു. രാജ്ഭവൻ ഒരുക്കിയ ചായ സൽക്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി വി എൻ വാസവനാണ് തുറമുഖ വകുപ്പ് ലഭിച്ചത്. പുതിയ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ മുന്നിൽ നിന്നുള്ള നിർദേശപ്രകാരം നിറവേറ്റുമെന്ന് വി എൻ വാസവൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് മന്ത്രി വി എൻ വാസവൻ ഉന്നയിച്ചത്. പക്വതയില്ലാത്ത നേതൃത്വത്തിന്റെ അഭാവമാണ് യുഡിഎഫ് നേരിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം എത്രകണ്ട് ബഹിഷ്കരിച്ചാലും ജനങ്ങൾ ഓടിയടുക്കും. ജനങ്ങൾ പ്രതിപക്ഷത്തെ ബഹിഷ്കരിച്ചു. യുഡിഎഫിലെ ഉന്നത നേതാക്കൾ നവകേരള സദസ്സിൽ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Minister V N Vasavan against Governor Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here