Advertisement

കൗതുകമായി ചെന്നൈയുടെ ‘ബേർഡ് മാൻ’: 15 വർഷമായി ദിവസവും വിരുന്നൊരുക്കുന്നത് 6000 തത്തകൾക്ക്

January 3, 2020
Google News 2 minutes Read

പക്ഷികൾ ടെറസിന് മുകളിൽ വന്നിരിക്കുന്നത് കാണാനും അവയുടെ ശബ്ദം കേൾക്കാനുമെല്ലാം നമുക്ക് ഇഷ്ടമാണ്, തത്തകളെ പ്രത്യേകിച്ചും. അവയുടെ നിറവും ശബ്ദവുമെല്ലാം എല്ലാവർക്കും പ്രിയം. ആയിരക്കണക്കിന് തത്തകൾ വീടിന് മുകളിൽ പറന്ന് വന്നിരിക്കുന്നതോർത്ത് നോക്കൂ…നല്ല രസമുള്ള കാഴ്ചയായിരിക്കുമല്ലേ.. ചെന്നൈയിൽ പക്ഷി മനുഷ്യനായ ജോസഫിന്റെ വീട്ടിൽ ചെന്നാൽ കാണാം നമുക്കാ കാഴ്ച.

ചെന്നൈ റോയ്‌പേട്ട് പൈക്രോക്രാഫ്റ്റ്‌സ് റോഡിലെ താമസക്കാരനായ ജോസഫ് പതിനഞ്ച് വർഷമായി ടെറസിന് മുകളിൽ തത്തകൾക്ക് തീറ്റ കൊടുക്കുന്നു. 25 വർഷമായി ജോസഫിന്റെ താമസം അവിടെയാണ്. അന്ന് മുതലേ വീടിന്റെ അരമതിലിൽ ചോറും ധാന്യങ്ങളും കുതിർത്ത് കിളികൾക്കായി കരുതി വയ്ക്കുമായിരുന്നു. കുരുവികളും പ്രാവുകളുമൊക്കെയായിരുന്നു അന്നത്തെ വിരുന്നുകാർ.

2004ൽ രാജ്യമൊട്ടാകെ ബാധിച്ച സുനാമിക്ക് ശേഷം ടെറസിന് മുകളിൽ വന്ന രണ്ട് കാട്ടുതത്തകൾക്ക് ഭക്ഷണം കൊടുത്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് വാർത്തയറിഞ്ഞ് ഒരുപാട് തത്തകൾ തത്തി തത്തി എത്തിത്തുടങ്ങി. 6000 തത്തകൾക്കുള്ള തീറ്റ ജോസഫ് ഇപ്പോൾ ടെറസിന് മുകളിലെത്തിക്കുന്നു. മഴക്കാലത്ത് തത്തകളുടെ എണ്ണം കൂടും.

ദിവസവും രണ്ട് നേരം തത്തകൾക്കായി ജോസഫ് ഒറ്റയ്ക്ക് വിരുന്നൊരുക്കുന്നുണ്ട്. ടെറസിൽ പ്രത്യേകമായി മരപ്പലകകൾ വച്ചൊരുക്കിയ പന്തലിൽ വെള്ളത്തിൽ കുതിർത്തിയെടുത്ത അരി കുഞ്ഞു കുന്നുകളായി വരിവരിയായി നിരത്തും.

ഒരു ദിവസത്തേക്ക് 75 കിലോഗ്രാം അരി ഇതിനായി ഉപയോഗിക്കുന്നു. ചെലവ് ഒരു ദിവസത്തേക്ക് 2500 രൂപ വരും. രാവിലെ ആറ് മുതൽ ഏഴ് മണി വരെയും സന്ധ്യയ്ക്ക് 4.30 മുതൽ 6.30 വരെയുമാണ് ഭക്ഷണമൊരുക്കി വയ്ക്കുക. അതേസമയത്ത് തന്നെ തത്തകൾ വരികയും കലപില ചിലച്ച് അച്ചടക്കത്തോടെ ഭക്ഷണം കഴിക്കുകയും ചെയ്യും. കാമറ ടെക്‌നീഷ്യനായ ജോസഫ് തന്റെ വരുമാനത്തിന്റെ 40 ശതമാനത്തോളം തത്തകൾക്ക് തീറ്റ കൊടുക്കാനായി മാറ്റി വയ്ക്കുന്നു. ബാക്കി വീട്ടാവശ്യത്തിനുമെടുക്കും.

Read Also: ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന ചില കൗതുക കാഴ്ചകൾ; ‘ഇന്ത്യക്കാർ ടാ!!!’

15 കൊല്ലങ്ങളായി ഒരു ദിവസം പോലും ജോസഫ് തന്റെ ശീലം മുടക്കിയിട്ടില്ല. പ്രഭാതങ്ങളും സന്ധ്യകളും അദ്ദേഹം ഇതിനായി ഒഴിഞ്ഞ് വയ്ക്കുന്നു. വൈകുന്നേരങ്ങളിൽ നാല് മണിയോട് കൂടിത്തന്നെ തത്തകൾ വിരുന്നെത്തി തുടങ്ങും. അതിന് മുമ്പ് വിരുന്നൊരുക്കാനുള്ള തിരക്കിലായിരിക്കും ജോസഫ്. രാവിലെയും നേരത്തെ എണീറ്റ് ഭക്ഷണമൊരുക്കും.

തത്തകൾ തനിക്ക് മക്കളെ പോലെയാണെന്നും ഈ ശീലം മരണം വരെ തുടരുമെന്നും ചിരിച്ചുകൊണ്ട് ജോസഫ് പറയുന്നു. തനിക്ക് ഭക്ഷണം മുടങ്ങിയാലും തത്തകളെ ഊട്ടാറുണ്ട്. നമുക്ക് ഉള്ളത് കൊണ്ട് കൊടുക്കാനാകണം. സഹജീവിസ്‌നേഹമാണ് സേവനമായി മാറുന്നത്. ജീവിതത്തിന്റെ ഭാഗമായി തന്നെ ഇദ്ദേഹം തത്തകളെ കരുതുന്നു.

 

chennai’s bird man,  food for 6ooo parrots per day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here