Advertisement

പൗരത്വ ഭേദഗതി: ബീഹാറിൽ പ്രതിഷേധത്തിനിടെ വർഗീയ സംഘർഷമുണ്ടാക്കിയത് തീവ്ര ഹിന്ദു സംഘടനാ അംഗങ്ങളെന്ന് പൊലീസ്

January 3, 2020
Google News 1 minute Read

പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ വർഗീയ സംഘർഷമുണ്ടാക്കിയത് തീവ്ര ഹിന്ദു സംഘടനാ അംഗങ്ങളെന്ന് പൊലീസ്. ഡിസംബർ 21ന് നടന്ന പ്രതിഷേധത്തിനിടെയിൽ ഇവർ മനപൂർവം വർഗീയ സംഘർഷമുണ്ടാക്കുകയാണെന്ന് പൊലീസ് പറയുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത 18കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു പൊലീസിൻ്റെ വെളിപ്പെടുത്തൽ. ആറു പേരടങ്ങുന്ന സംഘത്തിലെ രണ്ട് പേരാണ് വർഗീയ സംഘർഷത്തിൻ്റെ സുപ്രധാന സൂത്രധാരന്മാരെന്നും പൊലീസ് പറഞ്ഞു.

ഹിന്ദു പുത്ര സംഗതന്‍ അംഗമായ നാഗേഷ് സാമ്രാട്ട്, ഹിന്ദു സമാജ് സംഗതന്‍ അംഗമായ വികാസ് കുമാര്‍ എന്നിവർ ഫേസ്ബുക്ക് ലൈവിലൂടെ വർഗീയ സംഘർഷത്തിനുള്ള ആഹ്വാനം നൽകുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ വിശദീകരണം. പൊലീസുകാർ ഹിന്ദുക്കളെ ഉപദ്രവിക്കുകയാണെന്നും എല്ലാ ഹിന്ദുക്കളും ഫുല്‍വാരി ഷരീഫിൽ എത്തണമെന്നും ഫേസ്ബുക്ക് ലൈവിലൂടെ വികാസ് കുമാര്‍ അറിയിച്ചിരുന്നു. മറ്റൊരു വീഡിയോയിലൂടെ താൻ ഹിന്ദു പുത്രനാണെന്നും ഫുല്‍വാരി ഷരീഫിൽ എത്തിയെന്നും നാഗേഷ് സാമ്രാട്ട് അറിയിച്ചു. ഇരുവർക്കുമെതിരെ ക്രിമിനൽ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

“ഈ രണ്ട് സംഘടനകളുടെയും നേതാക്കളെ ഞങ്ങൾ ചോദ്യം ചെയ്യും. പുറത്തു നിന്ന് ആളെക്കൂട്ടുന്ന പരിപാടി ഇങ്ങനെ ചില സംഘടനകൾ പതിവാക്കിയിട്ടുണ്ട്. ഈ രണ്ട് പേരും പാറ്റ്നയിൽ നിന്ന് ഉള്ളവരല്ല. മൂന്നു വർഷങ്ങൾക്ക് മുൻപും സമാന സംഭവങ്ങൾ നടന്നിരുന്നു. ഞങ്ങൾ തെളിവുകൾ ശേഖരിക്കുകയാണ്”-. പൊലീസ് പറഞ്ഞു.

ഈ രണ്ട് പേരടങ്ങുന്ന ആറു പേരുടെ സംഘമാണ് 18കാരനയ അമീര്‍ ഹൻസ്‌ല എന്ന യുവാവിനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. കൊലപാതകം നടത്തിയത് ഇഷ്ടിക പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തലക്ക് ഗുരുതര പരുക്കേറ്റിരുന്നെന്നും ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വയറിൽ രക്തം കെട്ടി കിടന്നിരുന്നുവെന്നും ആന്തരിക രക്തസ്രാവം സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Story Highlights: Police, CAA, NRC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here