അരുവിക്കര ജല ശുദ്ധീകരണശാലയുടെ രണ്ടാം ഘട്ട നവീകരണം നാളെ ആരംഭിക്കും

അരുവിക്കര ജല ശുദ്ധീകരണശാലയുടെ രണ്ടാം ഘട്ട നവീകരണം നാളെ ആരംഭിക്കും. നഗരത്തിന്റെ വിവിധയിടങ്ങളിൽ നാളെ ഉച്ച മുതൽ കുടിവെള്ളം മുടങ്ങുമെന്നും സംഭരിക്കുന്ന ജലം അനാവശ്യമായി പാഴാക്കരുതെന്നും ജലവിതരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
അരുവിക്കരയിൽ നിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന 86 എംഎൽഡി ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നവീകരണ ജോലികളാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്. നാളെ ഉച്ചയ്ക്ക് തുടങ്ങുന്ന നിർമാണ പ്രവർത്തികൾ 5ന് രാവിലെയോടെ പൂർത്തിയാക്കും.
നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു. പൊതുജനങ്ങളോട് ജലം സംഭരിക്കാനും, അനാവശ്യ ഉപയോഗം കുറയ്ക്കാനും നിർദ്ദേശം നൽകി.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തും. ആർസിസി, ശീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കർ ലോറികൾ വഴി ബദൽ സംവിധാനമൊരുക്കും. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സർവീസുകൾക്ക് പ്രത്യേകമായി ടാങ്കർ സർവീസ് ഉണ്ടായിരിക്കും.
രണ്ടാംഘട്ടത്തിൽ രണ്ടു പമ്പ് ഹൗസുകളിൽ ഓരോ പമ്പ് സെറ്റ് വീതം സ്ഥാപിക്കൽ, പുതിയ ഇലക്ട്രിക് പാനലുമായി ഈ പമ്പുകൾ ബന്ധിപ്പിക്കൽ എന്നിവയാണ് നടക്കുന്നത്. കാലപ്പഴക്കം ചെന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും മാറ്റുന്നതിനു വേണ്ടി നാലു ഘട്ടങ്ങളിലായാണ് ജലശുദ്ധീകരണ ശാലയുടെ നവീകരണം നടത്തുന്നത്. ആറാം തീയതി പുലർച്ചയോടെ ജല വിതരണം പൂർവ സ്ഥിതിയിലാകുമെന്ന് ജല അതോറിറ്റി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here