ഗുവാഹത്തി ടി-20; പോസ്റ്ററുകൾക്കും ബാനറുകൾക്കും നിരോധനം

നാളെ (ജനുവരി 5) ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഗുവാഹത്തിയിൽ നടക്കുന്ന ആദ്യ ടി-20യിൽ പോസ്റ്ററുകൾക്കും ബാനറുകൾക്കും നിരോധനം. ബാനറുകൾ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ തുടങ്ങിയവകൾക്കെല്ലാം വിലക്കുണ്ട്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയുള്ള നടപടിയാണെന്നാണ് അധികൃതർ അറിയിക്കുന്നത്. എന്നാൽ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ മുൻകരുതലെന്ന നിലക്കാണ് നടപടിയെന്നും റിപ്പോർട്ടുകളുണ്ട്.
സിക്സും ഫോറും എഴുതിയ പ്ലക്കാർഡുകളോ സ്പോൺസർമാരുടെ പേരുകൾ എഴുതിയ മറ്റ് പോസ്റ്ററുകളോ അനുവദിക്കില്ലെന്ന് ആസാം ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ദേവ്ജിത് സൈകിയ പറഞ്ഞു. ഇതോടൊപ്പം എഴുതാവുന്ന മാർക്കർ പേനകൾക്കും വിലക്കുണ്ട്. മൊബൈൽ ഫോൺ, പേഴ്സ്, താക്കോൽ എന്നിവ മാത്രമാണ് സ്റ്റേഡിയത്തിൽ കൊണ്ടു പോകാനാവൂ. ഈ വിലക്കുകൾക്ക് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും അതാണ് വിലക്കിനു കാരണമെന്നാണ് ആരാധകരുടെ ആരോപണം.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി ഏഴിനും പത്തിനുമാണ് മറ്റ് മത്സരങ്ങൾ.
അതേ സമയം, പരുക്കിനെത്തുടർന്ന് മാസങ്ങളായി കളത്തിനു പുറത്തായിരുന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കഴിഞ്ഞ പരിശീലനം പുനരാരംഭിച്ചിരുന്നു. ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയിൽ ഉൾപ്പെട്ട ബുംറയുടെ പരിശീലന വീഡിയോയും ചിത്രങ്ങളും ബിസിസിഐ പുറത്തു വിട്ടിട്ടുണ്ട്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ടീമിൻ്റെ ബൗളിംഗ് കുന്തമുന തിരികെയെത്തുകയാണെന്ന് ബിസിസിഐ അറിയിച്ചത്.
Story Highlights: T-20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here