ടെസ്റ്റ് നാലു ദിവസം ആക്കാനുള്ള ഐസിസി ആശയത്തിനെതിരെ വിരാട് കോലി

ടെസ്റ്റ് മത്സരങ്ങൾ നാലു ദിവസമാക്കി ചുരുക്കാനുള്ള ഐസിസിയുടെ ആശയത്തിനെതിരെ ഇന്ത്യൻ നായകൻ വിരാട് കോലി. ശ്രീലങ്കക്കെതിരായ ടി-20 മത്സരത്തിനു മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് കോലി ഐസിസി ആശയത്തിനെതിരെ രംഗത്തു വന്നത്.ക്രിക്കറ്റ് ഓസ്ട്രേലിയ ഐസിസിയുടെ ആശയത്തെ പിന്തുണച്ചതിനു പിന്നാലെയാണ് കോലി തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്.
“ഒരുപാട് പരിഷ്കാരങ്ങൾ ക്രിക്കറ്റിൽ പരീക്ഷിക്കുന്നത് നല്ലതല്ല. ഞാൻ ചതുർദിന ടെസ്റ്റിൻ്റെ ആരാധകനല്ല. ടെസ്റ്റ് ക്രിക്കറ്റിൽ, ഡേ-നൈറ്റ് ടെസ്റ്റാണ് മാറ്റങ്ങളുടെ അവസാനം. അതിനപ്പുറം മാറ്റങ്ങൾ നല്ലതല്ല. ടെസ്റ്റ് മത്സരത്തെ വാണിജ്യവത്കരിക്കാനും ആ ഫോർമാറ്റിനെ കുറച്ചു കൂടി ആവേശകരമാക്കാനുമുള്ള കാര്യങ്ങളാണിത്. ഒരുപാട് പരീക്ഷണങ്ങൾ നല്ലതല്ല. ദിവസങ്ങളുടെ എണ്ണം കുറച്ച് ആവേശം കൊണ്ടുവരാനുള്ള ശ്രമമാണെങ്കിൽ ഇത് വീണ്ടും ത്രിദിന ടെസ്റ്റ് ആവും. എവിടെയാണ് ഇതൊക്കെ നിൽക്കുക? അങ്ങനെ ടെസ്റ്റ് ക്രിക്കറ്റ് തന്നെ നിന്നു പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഞാൻ ഈ ആശയത്തിനെ പിന്തുണക്കുന്നില്ല.” -കോലി പറഞ്ഞു
“ഒരു പുതിയ ഫോർമാറ്റ് അവതരിപ്പിക്കുന്നു എന്ന തരത്തിൽ ടി-20 ഒരു വിപ്ലവമായിരുന്നു. 100 ഓവർ ക്രിക്കറ്റിനോടും എനിക്ക് താത്പര്യമില്ല. ഇപ്പോൾ തന്നെ ആവശ്യത്തിന് ഫോർമാറ്റുകളും മത്സരങ്ങളും ഉള്ളതു കൊണ്ട് ഞാനതൊന്നും പരീക്ഷിക്കാനും പോകുന്നില്ല.”- കോലി കൂട്ടിച്ചേർത്തു.
അതേ സമയം, പൗരത്വ നിയമഭേദഗതിയെപ്പറ്റി അഭിപ്രായം പറയാനില്ലെന്നും കോലി പറഞ്ഞു. ഇരുവശത്തും രണ്ട് തരം അഭിപ്രായങ്ങൾ ഉള്ളതുകൊണ്ട് വിഷയത്തെപ്പറ്റി കൃത്യമായി പഠിച്ചിട്ട് മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ. തനിക്ക് പൂർണ അറിവില്ലാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ ഇല്ലെന്നും കോലി പറഞ്ഞു.
Story Highlights: CAA, NRC, Virat Kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here