എംജി സർവകലാശാല മാർക്ക് ദാനം; ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കാൻ നീക്കം

എം ജി സർവകലാശാലയിൽ ഗുരുതര വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കാൻ നീക്കം. പരീക്ഷയെഴുതി ജയിച്ച വിദ്യാർത്ഥികളെ മാർക്ക് ദാനത്തിന്റെ പരിധിയിൽ പെടുത്തി സർട്ടിഫിക്കറ്റ് റദ്ദാക്കിയ സംഭവത്തിലാണ് അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞയാഴ്ച്ച നടപടി എടുത്തത്. നിയമ വിരുദ്ധ നടപടികൾ ഉണ്ടാകരുതെന്ന് ഗവർണ്ണർ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ്, യൂണിയൻ ഭാരവാഹികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം ആരംഭിച്ചത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ഓഫീസ് ഇടപെട്ട് ബി.ടെക് കോഴ്സിൽ നൽകിയ മാർക്ക് ദാനം റദ്ദാക്കാൻ സർവ്വകലാശാല തീരുമാനമെടുത്തത് ഗവർണറുടെ അനുമതിയില്ലാതെ ആയിരുന്നു. 116 വിദ്യാർത്ഥികൾക്ക് മാത്രമാണ് മോഡറേഷൻ ലഭിച്ചതെങ്കിലും 118 വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളാണ് റദ്ദാക്കപ്പെട്ടത്. പരീക്ഷയെഴുതി ജയിച്ചവരെ മാർക്ക് ദാനത്തിന്റെ പരിധിയിൽ പെടുത്തിയ സംഭവത്തിൽ ഡിസംബർ 28ന് അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നു. ജോയിന്റ് രജിസ്ട്രാർ ആഷിക് എം.എം, ഡെപ്യു. രജിസ്ട്രാർ നസീമ ബീവി, അസി. രജിസ്ട്രാർ പി പത്മകുമാർ എന്നിവരെ സ്ഥലം മാറ്റി. സെക്ഷൻ ഓഫീസർമാരായ അനന്തകൃഷ്ണൻ, ബെന്നി കുര്യാക്കോസ് എന്നിവരെ സസ്പെൻഡ് ചെയ്തു. ഈ നടപടിയാണ് ഗവർണറുടെ സന്ദർശനത്തിന് പിന്നാലെ പിൻവലിക്കാൻ ഒരുങ്ങുന്നത്.
വിവിധ യൂണിയനുകളിൽ അംഗങ്ങളായ ഇവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് ആരോപണം. ഇന്നലെ സർവ്വകലാശാലയിൽ ചേർന്ന പ്രത്യേക യോഗം നടപടി പിൻവലിക്കുന്നതിനുള്ള ചർച്ചകൾ നടത്തി. ജീവനക്കാരുടെ സംഘടനകൾ ചെലുത്തിയ സമ്മർദ്ദത്തെ തുടർന്നാണ് നീക്കമെന്നാണ് സൂചന. ആര് സമ്മർദ്ദം ചെലുത്തിയാലും വിസിമാരുടെ ഭാഗത്ത് നിന്ന് നിയമിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താക്കീത് നൽകിയിരുന്നു. തൊട്ടു പിന്നാലെയാണ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള വഴിവിട്ട നീക്കം.
Story Highlights: MG University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here