Advertisement

സ്‌കൂൾ- കോളജ് അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

January 6, 2020
Google News 1 minute Read

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളർത്തിയെടുക്കുന്നതിനായി സ്‌കൂൾ- കോളജ് അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോളജ് വിദ്യാർത്ഥി യൂണിയനുകളിൽ 50 ശതമാനം വനിതാ സംവരണം പ്രാവർത്തികമാക്കാൻ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കും. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും കാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിയമ നിർമാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ‘ഇത് ജനാധിപത്യ മൂല്യങ്ങളെ കൊല്ലുന്നതിന് തുല്യം’: ജെഎൻയു അക്രമത്തെ അപലപിച്ച് പൃഥ്വിരാജ്

സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാൻ യൂണിവേഴ്സിറ്റി- കോളജ് വിദ്യാർത്ഥി യൂണിയൻ നേതാക്കളോട് നേരിട്ട് സംവദിക്കുന്നതിനായി കോഴിക്കോട് ഫാറൂഖ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കോളജ് ഓഡിറ്റോറിയത്തിൽ രണ്ടാം സ്റ്റുഡന്റ് ലീഡേഴ്സ് കോൺക്ലേവ് സംഘടിപ്പിച്ചത്.

പാരിസ്ഥിതിക വിഷയങ്ങൾ, ജലസംരക്ഷണം, മാലിന്യ നിർമാർജനം, നൂതന കൃഷി രീതികൾ, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങൾക്ക് പാഠ്യപദ്ധതികളിൽ സ്‌കൂൾ തലം മുതൽ മതിയായ പ്രാധാന്യം നൽകണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ അധ്യക്ഷതയിൽ നടന്ന കോൺക്ലേവിൽ കണ്ണൂർ, കോഴിക്കോട്, കാർഷിക, വെറ്റിനറി, മലയാളം, സംസ്‌കൃതം, കേരള കലാമണ്ഡലം സർവകലാശാലകളിലെ യൂണിയൻ പ്രതിനിധികളും അവയുടെ കീഴിൽ വരുന്ന സ്വാശ്രയ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ അഫിലിയേറ്റഡ് കോളജുകളിലേയും യൂണിയൻ ചെയർമാന്മാരും ജനറൽ സെക്രട്ടറിമാരും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.

 

 

 

pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here