Advertisement

‘എന്റെ വീട്ടിൽ സിഎഎ, എൻആർസി ന്യായീകരണവുമായി വരാൻ ഇവർക്കെങ്ങനെ ധൈര്യമുണ്ടായി?’; ബിജെപി ക്യാമ്പയിനെ എതിർത്ത് എംകെ മുനീറും പികെ ഫിറോസും

January 6, 2020
Google News 2 minutes Read

വീടുകൾ കയറിയിറങ്ങിയുള്ള ബിജെപിയുടെ സിഎഎ, എൻആർസി ക്യാമ്പയിനെ എതിർത്ത് മുസ്ലിം ലീഗ് നേതാക്കളായ എംകെ മുനീറും പികെ ഫിറോസും. തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ ജെഎൻയു അക്രമത്തെ അപലപിച്ചപ്പോൾ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് വിശദമായ കുറിപ്പാണ് എഴുതിയിരിക്കുന്നത്.

‘എൻ്റെ വീടിൻ്റെ വാതിൽ സിഎഎ ഏജൻ്റുമാർക്ക് മുന്നിൽ അടച്ചിട്ടിരിക്കുകയാണ്. ജെഎൻയു ചോരയൊലിപ്പിച്ച് നിൽക്കുമ്പോൾ എൻ്റെ വീട്ടിൽ വന്ന് ന്യായീകരണം നടത്താൻ ഇവർക്കെങ്ങനെ ധൈര്യം വന്നു’ എന്നാണ് എംകെ മുനീറിൻ്റെ ചോദ്യം. ഗൃഹസന്ദർശനത്തെ ബഹിഷ്കരിക്കാൻ എല്ലാവരും തയ്യാറാകണമെന്നാണ് പികെ ഫിറോസ് കുറിക്കുന്നത്.


‘പാർലമെന്റിലെ ചർച്ചകളെ മാനിക്കാതെ, പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ പരിഗണിക്കാതെ, ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ പാർലമെന്റിൽ നിയമം പാസാക്കുകയും അതിനു ശേഷം ചർച്ചക്കെന്ന മട്ടിൽ CAA യെ അനുകൂലിക്കണമെന്നാവശ്യപ്പെട്ട് വരുകയും ചെയ്യുന്ന സംഘ്പരിവാറിന്റെ ഗൃഹസന്ദർശനത്തെ ബഹിഷ്കരിക്കാൻ എല്ലാവരും തയ്യാറാവണം. പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലുന്നവരെ ന്യായീകരിക്കാൻ ആരു വന്നാലും അവരോട്‌ NO എന്ന് പറയുന്നത് പോലും ഒരു സമര മാർഗ്ഗമാണ്. നിസ്സഹകരണത്തിന്റെ ഒന്നാം ഘട്ടമാണ്.’- പികെ ഫിറോസ് കുറിക്കുന്നു.


പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിൽ വീടുകൾ കയറിയിറങ്ങി ക്യാമ്പയിൻ നടത്താൻ ബിജെപി തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന് തുടക്കം മുതൽ തിരിച്ചടി നേരിട്ടു. ഡൽഹി ലജ്പത് നഗറിൽ ബോധവത്കരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു നേരെ രണ്ട് യുവതികൾ ഗോബാക്ക് വിളി ഉയർത്തിയിരുന്നു. തുടർന്ന് കോളനിവാസികളിൽ ചിലരും ഗോബാക്ക് വിളിച്ചു. കേരളത്തിൽ ക്യാമ്പയിനെത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജു ആദ്യമായി സന്ദർശനം നടത്തിയ സാഹിത്യകാരൻ ജോർജ് ഓണക്കൂർ നിയമഭേദഗതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി.

Story Highlights: PK Firos, BJP, MK Muneer, CAA, NRC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here