Advertisement

ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ച സമസ്ത നേതാവിന് സസ്‌പെന്‍ഷന്‍

January 6, 2020
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസ്ഥാനത്ത് ബിജെപി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ച സമസ്ത നേതാവ് നാസര്‍ ഫൈസി കൂടാത്തായിക്ക് സസ്‌പെന്‍ഷന്‍. സമസ്തയുടെ കീഴ് ഘടകങ്ങളിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ നീക്കി.

വീട്ടിലെത്തിയ ബിജെപി പ്രവര്‍ത്തകരില്‍ നിന്നും നാസര്‍ ഫൈസി ലഘുലേഖ കൈപ്പറ്റുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ നാസര്‍ ഫൈസി ഖേദം പ്രകടിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് ജനസമ്പര്‍ക്ക പരിപാടിയുമായി ബിജെപി രംഗത്തെത്തിയത്.

സമസ്ത സുന്നി യുവജന സംഘം നേതാവും പ്രമുഖ പ്രഭാഷകനുമായ നാസര്‍ ഫൈസി കൂടാത്തായിയുടെ വീട്ടിലെത്തിയ ബിജെപി പ്രവര്‍ത്തകരാണ് ലഘുലേഖ കൈമാറിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ വേദികളിലെ സ്ഥിരം സാന്നിധ്യമായ നാസര്‍ ഫൈസി തന്നെ സിഎഎ, എന്‍ആര്‍സി അനുകൂല ലഘുലേഖ ഏറ്റുവാങ്ങുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സംഘടനാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും രൂക്ഷമായ ഭാഷയില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ വീട്ടില്‍ വന്നവരോട് കാണിച്ച ആതിഥ്യമര്യാദ മാത്രമാണെന്നും ചിത്രം അനുവാദമില്ലാതെ പ്രചരിപ്പിച്ചതാണെന്ന വിശദീകരണവുമായി നാസര്‍ ഫൈസി രംഗത്ത് വന്നു.

എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍, ജാമിഅ പ്രൊഫസര്‍ ലിയാഉദ്ധീന്‍ ഫൈസി തുടങ്ങി സമസ്തയുടെ വിവിധ നേതാക്കളും രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നു. ഇതോടെ വിശദീകരണ കുറിപ്പ് പിന്‍വലിച്ച് ഖേദ പ്രകടനവുമായി നാസര്‍ ഫൈസി രംഗത്തെത്തി. സംഭവത്തില്‍ ജാഗ്രത കുറവ് ഉണ്ടായതായും പ്രവര്‍ത്തകര്‍ക്കുണ്ടായ പ്രയാസത്തില്‍ നിര്‍വ്യാജം മാപ്പ് പറയുന്നതായും അദ്ദേഹം വ്യകതമാക്കി. വിവാദങ്ങള്‍ക്ക് പിന്നാലെ ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയോട് നിസഹകരിക്കണമെന്ന ആഹ്വാനവുമായ യൂത്ത് ലീഗ് അടക്കം വിവധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here