ഖാസിം സുലൈമാനി വധം; ഗൾഫ് രാഷ്ട്രങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ സുരക്ഷ ശക്തമാക്കി

ഗൾഫ് രാഷ്ട്രങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ സുരക്ഷ ശക്തമാക്കി. ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലപാതകത്തെ തുടർന്നുളള സാഹചര്യം നേരിടാനാണ് സൈനിക താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയത്.
സൗദിയിലെ അഞ്ച് താവളങ്ങളിലാണ് അമേരിക്കൻ സേനയുളളത്. റിയാദിലെ ഇസ്‌കാൻ വില്ലേജ് എയർ ബേസ്, കിഴക്കൻ പ്രവിശ്യയിലെ കിംഗ് അബ്ദുൽ അസീസ് എയർ ബേസ്, ദമാമിലെ കിംഗ് ഫഹദ് എയർഫോഴ്സ് ബേസ്, ഖമീസ് മുഷൈതിലെ കിംഗ് ഖാലിദ് എയർ ബേസ്, റിയാദ് എയർഫോഴ്സ് ബേസ് എന്നിവിടങ്ങളിലാണ് യുഎസ് സേനയുടെ സാന്നിധ്യമുളളത്. അരാംകോ റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തിന് ശേഷം യുദ്ധ സാമഗ്രികൾ ഉൾപ്പെടെ 3000 സൈനികരെ സൗദിയിലേക്ക് അയക്കുമെന്ന് മൂന്ന് മാസം മുമ്പ് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിലേറെയും സൗദിയിലെത്തിയതായാണ് റിപ്പോർട്ട്.
Read Also : ഖാസിം സുലൈമാനി വധം; ആണവ കരാറില്‍ നിന്ന് പിന്‍മാറുന്നതായി ഇറാന്‍
യുഎഇയിലെ ദുബായ് ജബൽ അലി പോർട്ടിലും അബു ദബിയിലും അമേരിക്കൻ സേനയെ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളും എഫ് 35 ഫൈറ്റർ വിമാനങ്ങളുടെ സ്റ്റേഷനും ഇവിടെ ഉണ്ട്. ഫുജൈറയിൽ യുഎസ് നേവിയുടെ താവളവും ഉണ്ട്.
ജിസിസിയിലെ മറ്റു രാജ്യങ്ങളായ ബഹ്റൈനിൽ രണ്ടും കുവൈത്തിൽ എട്ടും യു എസ് ബേസുകളാണുളളത്. ഖത്തറിലും ഒമാനിലും ഓരോ അമേരിക്കൻ സൈനിക താവളങ്ങളുമുണ്ട്. ഇറാൻ ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയും നിരീക്ഷണവുമാണ് ഇവിടങ്ങളിൽ ഒരുക്കിയിട്ടുളളത്.
Story Highlights- Khasim Sulaimani, US, Iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here